cm-pinarayi-vijayan

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ ആത്മ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സമീപനവും മനോഭാവവും മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പ് മന്ത്രി എ.സി മൊയ്തീൻ വേദിയിലിരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് എ.സി മൊയ്തീനായിരുന്നു. ചുവപ്പ് നാട ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളാക്കിയത്. നിലവിലും ചുവപ്പ് നാടയ്ക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ ആത്മപരിശോധന നടത്തണം. പദ്ധതികൾക്ക് ചിലരെങ്കിലും അനാവശ്യ തടസം സൃഷ്ടിക്കുന്നുണ്ട്. വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മനോഭാവവും സമീപനവും മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നോക്കുകൂലി ഇനിയും അവശേഷിക്കുന്നുവെങ്കിൽ അവിടെ സർക്കാർ സംവിധാനങ്ങൾ ശക്തമായി ഇടപെടേണ്ടി വരും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണം. വ്യവസായ വികസനപദ്ധതികൾക്ക് ജിയോളജി വകുപ്പിൽ നിന്ന് ലഭിക്കേണ്ട അനുമതികൾ പലതും വൈകാറുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.