മുംബയ് : ബിസിനസിലെ ലാഭത്തിനൊപ്പം മൂല്യവും ഉയർത്തിപ്പിടിക്കുന്ന ബ്രാൻഡാണ് ടാറ്റ. ദശാബ്ദങ്ങളായി ടാറ്റയുടെ ചുക്കാൻ പിടിക്കുന്ന രത്തൻ ടാറ്റയുമായി ബന്ധപ്പെട്ടിട്ടുള്ള രസകരമായ നിരവധി വാർത്തകൾ പ്രശസ്തമാണ്. എന്നാൽ ഇതാദ്യമായി തന്റെ ജീവിതത്തിലെ ഒരു ശീലം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ടാറ്റാ ഗ്രൂപ്പിന്റെ മുംബയ് ആസ്ഥാന മന്ദിരമായ ബോംബെ ഹൗസിൽ തനിക്കായി എപ്പോഴും കാത്തിരിക്കുന്ന സുഹൃത്തിനെ കുറിച്ചാണ് രത്തൻ ടാറ്റ വെളിപ്പെടുത്തുന്നത്.
ഗോവ എന്ന് പേരുള്ള നായയെകുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. രത്തൻ ടാറ്റയ്ക്ക് നായകളോടുള്ള വാത്സല്യം ഏറെ പ്രശസ്തമാണ്. ഇതിൽ ഗോവയുടെ സ്ഥാനം കുറച്ച് മുകളിലാണെന്ന് മാത്രം. ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസിലാണ് ഗോവയുടെ വാസസ്ഥലം. 2018ൽ ഗോവയുമായി നിൽക്കുന്ന ചിത്രമാണ് രത്തൻ ടാറ്റ പങ്കുവച്ചിട്ടുള്ളത്. ഇപ്പോൾ ഇവിടെ ഗോവ മാത്രമല്ല ഉള്ളത്. തെരുവ് നായകളുടെ സംരക്ഷണത്തിനായി ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ സംരക്ഷിക്കുന്ന നായകളുടെ തലവൻ കൂടിയാണ് ഗോവ എന്ന മിടുക്കൻ നായ. കറുപ്പും വെളുപ്പും ഇടകലർന്ന സുന്ദരനായ ഗോവയ്ക്ക് ആ പേര് ലഭിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. നായയുടെ ശരിക്കുള്ള സ്ഥലം ഗോവയിലാണ്. ഇവിടെ നിന്നും കുഞ്ഞായിരിക്കെ മുംബയിലേക്ക് 'വണ്ടി കയറിയ'തിന്റെ ഓർമയ്ക്കായിട്ടാണ് ഗോവ എന്ന് വിളിപ്പേരിട്ടത്. രത്തൻ ടാറ്റ ഓഫീസിലെത്തുമ്പോൾ സ്വീകരിക്കാൻ ഗോവ മുമ്പിലുണ്ടാവും, അദ്ദേഹത്തിന്റെ ലാളനയേറ്റുവാങ്ങിയിട്ടേ ഗോവ മടങ്ങാറുള്ളു. ഗോവയ്ക്ക് വിശ്രമിക്കാനായി ടാറ്റയുടെ ഓഫീസിൽ വിശ്രമസ്ഥലവും ഒരുക്കിയിട്ടുണ്ട്.