മാദ്ധ്യമസംഘം നിലവറയിലെത്തി. ക്യാമറകളുടെ വെളിച്ചം നെടുകെയും കുറുകെയും പാഞ്ഞു.
''ഇത് എന്തിനാവും സാർ പൊളിച്ചത്?" റിപ്പോർട്ടറന്മാർ അലിയാരോടു ചുണ്ടനക്കി.
സി.ഐ അലിയാർ ചുണ്ടനക്കി.
''നമുക്കാർക്കും സ്വപ്നം പോലും കാണുവാൻ കഴിയാത്തത്ര വിലപിടിപ്പുള്ള നിധിശേഖരം ഇതിൽ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കൽ ഞങ്ങൾക്ക് അതിന്റെ തെളിവുകളും കിട്ടിയതാണ്. അതെല്ലാം കൈക്കലാക്കുവാൻ വേണ്ടിയാവും കല്ലറകൾ പൊളിച്ചത്."
അലിയാർ തിരിഞ്ഞു നടന്നു.
റിപ്പോർട്ടറന്മാർ വിട്ടില്ല:
''ഇത് ചെയ്തത് ആരാണെന്നാണ് സാറിന്റെ സംശയം?"
''എം.എൽ.എ ശ്രീനിവാസകിടാവ്." ഉത്തരം ഒട്ടും വൈകിയില്ല.
''ങ്‌ഹേ? അദ്ദേഹം പിന്നെ എങ്ങോട്ടു പോയിരിക്കും സാർ?"
''അനർഹമായതും അളവറ്റതുമായ സമ്പത്ത് കിട്ടിയാൽ മനുഷ്യൻ എന്താണു ചെയ്യുക? അയാളും അങ്ങനെ തന്നെ ചെയ്തിരിക്കും."
കൂടുതൽ പറയാതെ സി.ഐയും പോലീസ് സംഘവും നിലവറയിൽ നിന്നിറങ്ങി.
പിന്നീട് അവർ പരിശോധിച്ചത് തട്ടിൻപുറമായിരുന്നു. ഗോവണിയിലെ മരപ്പലകകൾ ഒട്ടുമുക്കാലും പോയിരുന്നതിനാൽ പോലീസ് തങ്ങൾ കൊണ്ടുവന്ന അലുമിനിയം ഗോവണി വച്ചാണ് അവിടെ കയറിയത്.
അവിടെ പൊടിപിടിച്ചു കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ഓട്ടുപാത്രങ്ങൾക്ക് അപ്പുറം, കഴുക്കോലുകളോടു ചേർത്ത് തറച്ചിരുന്ന കുറച്ചുഭാഗത്തെ പലകകൾ അടർത്തി മാറ്റിയിരിക്കുന്നതും ഓടുകൾ നീക്കം ചെയ്തിരിക്കുന്നതും കണ്ടെത്തി.
തട്ടിൻപുറത്തെ പൊടിപടലങ്ങളിൽ പതിഞ്ഞിരുന്ന കാലടിയടയാളങ്ങളിൽ നിന്ന് ആരൊക്കെയോ ആ വഴി രക്ഷപെട്ടിട്ടുണ്ടെന്നും അലിയാർ കണക്കുകൂട്ടി.
ശേഖരകിടാവിന്റെയും ചന്ദ്രകലയുടെയും ബോഡികൾ ആംബുലൻസുകളിൽ കയറ്റിക്കഴിഞ്ഞു.
നടുത്തളത്തിലെ കസേരയിൽ ചിന്താധീനനായി ഇരിക്കുകയായിരുന്നു എസ്.പി ഷാജഹാൻ. സി.ഐ അലിയാർ അയാൾക്ക് അടുത്തേക്ക് ചെന്നു.
''എന്താടോ വല്ല തുമ്പും കിട്ടിയോ?" ഒട്ടും പ്രതീക്ഷയില്ലാത്ത രൂപത്തിലായിരുന്നു ഷാജഹാന്റെ ചോദ്യം.
''ഇതുവരെയില്ല സാർ. പക്ഷേ ഒരിടം ഒരിക്കൽകൂടി പരിശോധിക്കുവാൻ ഞാൻ തീരുമാനിച്ചു. പലപ്പോഴും സംശയം തോന്നിയിട്ടുള്ളതാണെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല."
ഷാജഹാന്റെ മുഖത്തൊരു പ്രകാശം മിന്നി.
''ഇത്തവണ തെളിവുകിട്ടിയോ?"
''അങ്ങനെ വേണമെങ്കിൽ കരുതാം സാർ..."
ഷാജഹാനു മനസ്സിലായില്ല.
അലിയാർ വിശദീകരിച്ചു.
''പാഞ്ചാലി ഉപയോഗിച്ചിരുന്ന മുറിയിൽ ഞാൻ ഒരു കറുത്ത കമ്പിളി വച്ചിരുന്നു. അത് ആരെങ്കിലും എടുക്കുമോ എന്ന് അറിയുവാൻ. ഇപ്പോൾ അത് അവിടെയില്ല. അതിനാൽ തന്നെ അത് എടുത്തവരെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്."
സി.ഐയും എഴുന്നേറ്റു.
''എങ്കിൽ ഞാനും വരാം."
ഏതാനും പോലീസുകാരെയും കൂട്ടി എസ്.പിയും സി.ഐയും പാഞ്ചാലിയുടെ മുറിയിലെത്തി.
പ്രഥമദൃഷ്ട്യാ അവിടെ നിന്ന് ഒരു തുമ്പും കിട്ടുന്നതായി തോന്നിയില്ല.
ഒരു കട്ടിലും മേശയും കസേരയും പിന്നെ ഭിത്തിയോടു ചേർത്തുവച്ചിരിക്കുന്ന അലമാര.
സി.ഐ അലമാര തുറന്നു.
അതിൽ അടുക്കിയിരിക്കുന്ന പാഞ്ചാലിയുടെ വസ്‌ത്രങ്ങൾ...
അലിയാർ അതു മുഴുവൻ വലിച്ചു താഴെയിട്ടു. തടികൊണ്ട് ഉണ്ടാക്കിയ അലമാരയായിരുന്നു അത്.
ഷാജഹാനും അതിൽ ശ്രദ്ധിച്ചു. പ്രകടമായി ഒന്നും കാണാനില്ല...
അലിയാർ, അലമാരയുടെ തട്ടുകളിൽ പിടിച്ച് ബലം പരിശോധിച്ചു.
അത് അനങ്ങുന്നുണ്ട്!
അയാൾ ഒന്നു കുലുക്കി അത് വലിച്ചു.
''ങ്‌ഹേ?"
നോക്കിനിന്ന എല്ലാവരിൽ നിന്നും ആശ്ചര്യസൂചകമായ ഒരു ശബ്ദമുയർന്നു.
മേശയുടെ 'ഡ്രോ" പുറത്തേക്കു വലിച്ചെടുക്കുന്നതുപോലെ അലമാരയുടെ തട്ടുകൾ ഓരോന്നായി ഊരിപ്പോന്നു.
അലിയാരുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.
''ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. അല്ലെങ്കിൽ നേരത്തെ തന്നെ പരിശോധിച്ചേനെ..."
ഷാജഹാന് ഇപ്പോഴും ഒന്നും തോന്നിയില്ല.
അലിയാർ മന്ത്രിച്ചു:
''ഇതിലെ തുണികൾ അടുക്കു തെറ്റിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു. അത് കാര്യമാക്കാഞ്ഞതാണ് മഠയത്തരമായത്."
അലമാരയുടെ പിൻഭാഗത്തു തറച്ചിരുന്ന പലകകൾ ബലമേറിയതായിരുന്നു.
അലിയാർ അതിൽ തള്ളിനോക്കി. അനക്കമില്ല.
ഒരു പോലീസുകാരനിൽ നിന്ന് ലാത്തി വാങ്ങി അതിൽ ഇടിച്ചു.
വല്ലാത്തൊരു മുഴക്കം.
''പോയി ഒരു പാര കൊണ്ടുവാ."
അലിയാർ കൽപ്പിച്ചു.
പോലീസുകാരൻ പോയി ഒരു പാരയുമായി വന്നു.
''പൊളിക്ക്." സി.ഐ അലമാരയ്ക്കുള്ളിലേക്കു കൈ ചൂണ്ടി.
''അലിയാരേ..." എസ്.പി. എന്തോ ചോദിക്കാൻ ഭാവിച്ചു.
സി.ഐ കൈ ഉയർത്തി.
''സാറിന്റെ സംശയത്തിനുള്ള ഉത്തരം ഇപ്പോൾ കിട്ടും."
പോലീസുകാരൻ പാര കൊണ്ട് അലമാരയുടെ പിന്നിലെ പലകയിൽ കുത്താൻ ഭാവിച്ചു.
''നിൽക്ക്." എസ്.പി ഷാജഹാൻ പെട്ടെന്നു പറഞ്ഞു.
'എന്താ സാർ?" അലിയാർ അയാൾക്കു നേരെ തിരിഞ്ഞു.
''എന്തിനാ കുത്തിപ്പൊളിക്കുന്നത്?" അലമാര ഇങ്ങോട്ടു മാറ്റിയാൽ പോരേ?"
''സാറിന്റെ ഇഷ്ടം." അലിയാർക്കു ചിരിവന്നു.
എന്നാൽ നാലു പോലീസുകാർ കിണഞ്ഞു പരിശ്രമിച്ചിട്ടും അലമാര ഒരിഞ്ച് നീക്കാനായില്ല.
ഷാജഹാനു ദേഷ്യം വന്നു.
''അത് മുന്നോട്ടു മറിക്ക്."
അതിനു ശ്രമിച്ചിട്ടും അലമാരയ്ക്ക് അനക്കമില്ല.
''അത് ഭിത്തിയിൽ ഫിക്സു ചെയ്തിരിക്കുകയാണു സാർ. ഒരു കട്ടിളപോലെ..." അലിയാർ പറഞ്ഞു.
പിന്നെ അയാൾ കമ്പിപ്പാര വാങ്ങി തുരുതുരെ നാലഞ്ചു തവണ കുത്തി.
അവസാന കുത്തിൽ പലക തുളച്ച് പാര അകത്തേക്കു പോയി.
(തുടരും)