-makara-chovva

ഇനി ഉത്സവങ്ങളുടെ കാലങ്ങൾക്കാണ് ആരംഭം കുറിക്കുന്നത്. ഇന്നാണ് മകര ചൊവ്വ. ഇതോടുകൂടെ ദേവന്മാരുടെ പകൽ ആരംഭിച്ചുകഴിഞ്ഞു എന്നാണ് വിശ്വാസം. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാൽ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. ചൊവ്വയുടെ സ്വാധീനശക്തി കൂടുതൽ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയർ ഭക്തിപൂർവം ആചരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച, മകര ചൊവ്വയായി പ്രത്യേകിച്ച് ഭദ്രകാളി ക്ഷേത്രങ്ങളിൽ ആഘോഷിച്ചു വരുന്നു.

ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല ഉത്സവം എന്നിവ പതിവാണ്. മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിനുള്ള പരിഹാരവും ദേവി പ്രീതിക്ക് വളരെ നല്ലതുമാണ്. നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നും,​ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ ദേവി ഭക്തനെ പ്രാപ്തനാക്കും എന്നാണ് വിശ്വാസം.

ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയുമാണ്. യുഗ്മരാശിയായ മകരം ഭദ്രകാളീ പ്രീതിക്ക് പ്രാധാന്യമുള്ള കാലമാണ്. ശിവന്റെ പുത്രിയും ദാരികനാശിനിയുമായ കാളിയേയും മറ്റു ചിലയിടത്ത് ഗൗരിയുടെ അംശമായ പാർവതിയെത്തന്നെ കാളിയായും ആരാധിച്ചുപോകുന്നു. ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, നവകം മുതലായവ ഭഗവതിയ്ക്ക് ആടി ചൈതന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.