nepal

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ദമനിലെ ഹോട്ടൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീൺ കുമാർ(39) ഭാര്യ ശരണ്യ(34) മക്കൾ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭിനവ് നായർ(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാർ(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീൺ ദുബായിൽ എൻജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലിൽ വിദ്യാർത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.

കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഒൻപതരയ്ക്കാണ് എല്ലാവരും റിസോർട്ടിൽ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാൻ ഹീറ്റർ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബൺ മൊണോക്‌സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളിൽ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാർബൺ മൊണോക്‌സൈഡ് ലീക്കാവുന്നത്.

കാർബൺ മോണോക്‌സൈഡ് നിശബ്ദ കൊലയാളി

പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലുമുള്ള താപപ്രവർത്തനങ്ങളിലെ ഏറ്റക്കുറച്ചിൽ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാർബൺ മോണോക്‌സൈഡ്. ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ലാത്തത് മൂലം കാർബൺ മോണോക്‌സൈഡ് അത്യന്തം അപകടകാരിയായി മാറുന്നു.

ശ്വസിക്കുമ്പോൾ ഓക്സിജനിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന കാർബൺ മോണോക്‌സൈഡ് രക്തത്തിൽ കലരുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ അരുണ രക്താണുക്കൾ (റെഡ് ബ്ളഡ് സെൽസ്) ശരീരത്തിലെത്തുന്ന കാർബൺ മോണോക്‌സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക. ശ്വാസത്തിലെ ഓക്‌സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തിൽ കാർബൺ മോണോക്‌സൈഡിനെ ചുവന്ന രക്താണുക്കൾ വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം ശരീരത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാൾ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു. അടച്ചിട്ട മുറികൾക്കുള്ളിലോ വാഹനങ്ങൾക്ക് അകത്തോ ഇത്തരത്തിൽ കാർബൺ മോണോക്‌സൈഡ് ലീക്കാവുമ്പോൾ രക്ഷപ്പെടാനുള്ള സാധ്യത തുലോം കുറവാണ്. ഉറക്കത്തിനിടയിൽ നിരവധി പേരുടെ മരണം കാർബൺ മോണോക്‌സൈഡെന്ന നിശബ്ദ കൊലയാളി കവർന്നെടുത്തിട്ടുണ്ട്. കുറഞ്ഞ അളവിൽ കാർബൺ മോണോക്‌സൈഡ് ഉള്ളിലെത്തുന്നയാളിനെ വളരെ വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിക്കണം.

ഹീറ്റർ പോലുള്ള ഉപകരണങ്ങൾ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികൾ നടത്തിയും, കാർബൺ മോണോക്‌സൈഡ് ചോർച്ച കണ്ടെത്തുന്ന അലാമുകൾ ഘടിപ്പിച്ചും വാതക ചോർച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാം.