കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുഴുവൻ എസ്.എൻ.ഡി.പി യോഗം യൂണിയനുകളും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു.

പത്ത് യൂണിയനുകളുടെയും ഭാരവാഹികൾ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനം നടത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും പൊതുജനമദ്ധ്യത്തിൽ അപമാനിക്കുകയും കണക്കിൽ കൃത്രിമം കാട്ടി കോടിക്കണക്കിന് രൂപ തിരിമറി നടത്തുകയും ചെയ്ത മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ സാരഥികൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം എസ്.എൻ.ഡി.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റി നിറുത്തുകയും വേണം.

വാർത്താസമ്മേളനത്തിൽ പി.എം.രവീന്ദ്രൻ (വടകര ), സി.കെ.മുരളി (പയ്യോളി ), ദാസൻ പറമ്പത്ത് (കൊയിലാണ്ടി ), കുഞ്ഞിക്കണാരൻ (പേരാമ്പ്ര ), ശ്രീനി (ബാലുശ്ശേരി), ഗിരി പാമ്പനാൽ (തിരുവമ്പാടി ), പി.സി.അശോകൻ (തിരുവമ്പാടി ), ഷാജു ചമ്മിണി (ബേപ്പൂർ), സതീഷ് കുറ്റിയിൽ (കോഴിക്കോട് സിറ്റി യൂണിയൻ), സുധീഷ് കേശവപുരി (കോഴിക്കോട് വെസ്റ്റ് ഹിൽ) എന്നിവർ സംബന്ധിച്ചു.