കണ്ണൂർ: കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിന് കൊലക്കയർ മുറുക്കിയതോടെ അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള 78,569 ജീവനക്കാർക്ക് നിർബന്ധിത വിരമിക്കൽ ശിക്ഷ. ആകെയുള്ള ഒന്നര ലക്ഷത്തോളം ജീവനക്കാരിൽ 78,569 പേരാണ് 31ന് പറഞ്ഞ് വിടുന്നത്. കേരളാ സർക്കിളിൽ മാത്രം 75213 പേരാണ് പുറത്ത് പോകുന്നത്. ഇതോടെ ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനവും അവതാളത്തിലാകും.
ശമ്പളം നൽകാതെയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും വി.ആർ.എസിന് പ്രേരിപ്പിച്ചുമാണ് തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയെടുക്കുന്നത്. ഒരു ലക്ഷം കരാർ തൊഴിലാളികൾക്കുള്ള വേതനവും ഒരുവർഷമായി നൽകുന്നില്ല. അതിനിടെ ബി.എസ്.എൻ.എല്ലിലെ ജോലികൾ മുഴുവൻ പുറംകരാർ നൽകാൻ ടെൻഡറും ക്ഷണിച്ചു.
ബി.എസ്.എൻ.എല്ലിനോട് അവഗണന
സ്വകാര്യ കമ്പനികൾ 5ജിയിലേക്ക് കടന്നെങ്കിലും ബി.എസ്.എൻ.എല്ലിന് 4ജി സ്പെക്ട്രം പോലും നൽകിയിട്ടില്ല. ജീവനക്കാർക്കുള്ള ചികിത്സാ ആനുകൂല്യത്തിനും നിയന്ത്രണമേർപ്പെടുത്തി. വായ്പയിലേക്കും ഇ.പി.എഫുൾപ്പെടെയുള്ള തുക അടയ്ക്കാത്തതിനെ തുടർന്നുണ്ടായ പിഴ ജീവനക്കാരുടെ ബാദ്ധ്യതയായി. പെൻഷൻ നിക്ഷേപമായി ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത 6,500 കോടി രൂപ കേന്ദ്രസർക്കാർ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അതിനിടെ കൃത്രിമ പ്രതിസന്ധി മറയാക്കി ശമ്പളവും നിഷേധിച്ചു. ജീവനക്കാർക്ക് മാസത്തിന്റെ അവസാനത്തെ പ്രവൃത്തിദിവസം ലഭിച്ചിരുന്ന ശമ്പളം കഴിഞ്ഞമാസവും അതിന് മുമ്പത്തെ മാസവും അഞ്ചാം തീയതി കഴിഞ്ഞാണ് ലഭിച്ചത്.
കണക്കുകൾ ഇങ്ങനെ
പിരിഞ്ഞു പോകുന്നവർക്ക് നൽകാനുള്ളത്- 17000 കോടി രൂപ
2000ൽ ലാൻഡ് കണക്ഷൻ- 32 ലക്ഷം
2020ൽ- 17 ലക്ഷം
ഒരു വർഷം നഷ്ടം- 200 കോടി
ബാദ്ധ്യത- 30,000 കോടി രൂപ
ആസ്തി- ഒരു ലക്ഷം കോടിയുടെ ഭൂമിയും കെട്ടിടങ്ങളും
പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്തത്- 6500 കോടി രൂപ
പിരിച്ചുവിടുന്ന ജീവനക്കാർ- 78,569
കേരളാ സർക്കിളിൽ- 75,213
'ജീവനക്കാരുടെ എൽ.ഐ.സി പോളിസിപോലും മുടങ്ങി. പലർക്കും കുടിശിക അടയ്ക്കാൻ നോട്ടീസ് കിട്ടിയിട്ടുണ്ട്. ഈ തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ചിട്ടും അടച്ചില്ല. ബി.എസ്.എൻ.എല്ലിനെ സ്വകാര്യവത്കരിച്ച് ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുക്കും".
- പി. മനോഹരൻ, സംസ്ഥാന പ്രസിഡന്റ്
ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂണിയൻ.