ചെന്നൈ: ദ്രാവിഡ രാഷ്ട്രീയാചാര്യൻ പെരിയോർ ഇ.വി.രാമസ്വാമിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് സ്റ്റൈൽമന്നൻ രജനികാന്ത്. 1971ൽ സേലത്ത് പെരിയോറിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെ നടന്ന റാലിയിൽ ശ്രീരാമന്റെയും സീതാ ദേവിയുടെയും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ച് അതിൽ ചെരുപ്പുമാലയിട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട വാർത്ത തമിഴ് മാസികയായ തുഗ്ലക്കിൽ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നുമായിരുന്നു രജനിയുടെ പരാമർശം. തുഗ്ലക് മാസികയുടെ 50-ാം വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.
രജനികാന്ത് നുണ പ്രചരിപ്പിച്ച് പെരിയോറിനെ അപമാനിക്കുന്നുവെന്നാരോപിച്ച് ദ്രാവിഡ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രജനിക്കെതിരെ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ പരാതി നൽകുകയും ചെയ്തു. ആദി തമിഴർ പേരവൈയുടെ നേതൃത്വത്തിൽ താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. മാപ്പ് പറയാൻ തയാറായില്ലെങ്കിൽ നാളെ പോയസ് ഗാർഡനിലെ രജനിയുടെ വീട് ഉപരോധിക്കുമെന്ന് തന്തൈ പെരിയോർ ദ്രാവിഡ കഴകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, താൻ സത്യമാണ് പറഞ്ഞതെന്നും മാപ്പു പറയുന്ന പ്രശ്നമില്ലെന്നും രജനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. വാർത്തയുമായി ബന്ധപ്പെട്ട ചില പത്ര കട്ടിംഗുകളും അദ്ദേഹം മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നു.