മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടു. നാളെ നടക്കുന്ന വനിതാ കമ്മീഷൻ സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ ഷാഹിദാ കമാലിനോടായിരുന്നു ഓട്ടോ ഡ്രൈവറുടെ മോശമായ പെരുമാറ്റം. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
റെയിൽവേ സ്റ്റേഷനിലെത്തിയ ഷാഹിദ ഓട്ടോയിൽ കയറി ഗസ്റ്റ് ഹൗസിൽ ഇറക്കിതരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവറിൽ നിന്നും മോശം പെരുമാറ്റമുണ്ടായത്. ഓട്ടോയിൽ നിന്ന് ഇറക്കി വിടാൻ ഡ്രൈവർ ശ്രമിച്ചെന്നും, തന്റെ നേരെ ആക്രോശിക്കുകയും ചെയ്തെന്നും ഷാഹിദ പറഞ്ഞു. ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് യാത്രചെയ്യാൻ അനുവദിച്ചത്. ഓട്ടോയുടെയും ഡ്രൈവറുടെയും ഫോട്ടോ കയ്യിലുണ്ട്. വേണ്ടി വന്നാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും ഷാഹിദ വ്യക്തമാക്കി.
പെരിന്തൽമണ്ണ സിഐ നാളെ നടക്കുന്ന സിറ്റിംഗിൽ ഹാജരായി സംഭവത്തിൽ വിശദീകരണം നൽകും. ഇതിനു മുൻപും സമാന അനുഭവം ഗസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് ഓട്ടോക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ഷാഹിദയോട് വെളിപ്പെടുത്തി. സംഭവത്തിൽ നടപടി സ്വീകരിക്കേണ്ടത് തന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നും ഷാഹിദ വ്യക്തമാക്കി.