ബെയ്ജിംഗ്: ലോകരാജ്യങ്ങളിൽ ആശങ്കയുളവാക്കി, ചൈനയിൽ പ്രത്യേകതരം ന്യൂമോണിയ പരത്തുന്ന കൊറോണ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് റിപ്പോർട്ട്. അതീവ ജാഗ്രത പുലർത്തണമെന്ന് ചൈനീസ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ചു. ലോകവ്യാപകമായി രോഗം പടരാൻ ഇടയാക്കുമെന്നാണ് നിഗമനം. നേരത്തെ കൊറോണ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് കരുതിയിരുന്നത്. സാർസിന് സമാനമായ വൈറസ് രോഗബാധ ചൈനയ്ക്ക് പുറത്ത് ജപ്പാനിലും തായ്ലൻഡിലും ദക്ഷിണകൊറിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ബെയ്ജിംഗ്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങളിലേക്കും പടർന്നു.
വൈറസ് രാജ്യാന്തരതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ വുഹാനിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ സ്ക്രീനിംഗിന് വിധേയമാക്കുമെന്ന് ആസ്ട്രേലിയ, യു.എസ് തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കി.
2002-2003 ൽ സാർസ് ബാധിച്ച് ചൈനയിൽ 800ഓളം പേർ മരിച്ചിരുന്നു
മരണസംഖ്യ വർദ്ധിക്കുന്നു
ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. വുഹാനിലെ 15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചതായും അതിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണെന്നും വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു.
ഇതുവരെ 218 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 198 കേസുകളും വുഹാനിൽ നിന്നാണ്. 16 പേർ ഗുരുതരാവസ്ഥയിലാണ്. ഈ മാസം ആദ്യം വുഹാൻ സന്ദർശിച്ച 35 കാരനിൽ രോഗം സ്ഥിരീകരിച്ചതായി ഷാങ്ഹായി അധികൃതർ അറിയിച്ചു. രോഗം സംശയിക്കുന്ന മറ്റ് നാലുപേർ നിരീക്ഷണത്തിലാണ്.
ചൈനയിലെ കൊറോണ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഇന്ന് ജനീവയിൽ അടിയന്തര യോഗം വിളിച്ചു. മറ്റ് രാജ്യങ്ങളിൽ ആശങ്കയുടെ ഉയർന്ന പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവൻ പ്രഖ്യാപിക്കണമോ എന്ന് യോഗം തീരുമാനിക്കും.