governor
governor

ചെന്നൈ: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ കേസ് കൊടുക്കുമ്പോൾ ഗവർണറെ അറിയിക്കണമെന്നത് ഭരണഘടനാ ബാദ്ധ്യതയല്ലെന്നും മര്യാദ മാത്രമാണെന്നും മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവം പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ അറിയിക്കാത്തത് ഭരണഘടനാ ലംഘനമാണെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആക്ഷേപത്തെക്കുരിച്ച് ദൃശ്യ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ തലവനെന്ന നിലയിൽ സുപ്രധാന വിഷയങ്ങൾ, പ്രത്യേകിച്ച് നിയമനിർമ്മാണ കാര്യങ്ങൾ ഗവർണറെ അറിയിക്കാം. എന്നാൽ അതൊരു ഭരണഘടനാ ബാദ്ധ്യതയല്ല. സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ ഗവർണറെ അറിയിക്കണമെന്നില്ല. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ അനുവാദം വാങ്ങേണ്ടതില്ല. മര്യാദയുടെ ഭാഗമായി വിവരങ്ങൾ അറിയിക്കാറുണ്ട്. സംസ്ഥാന നിയമസഭയ്ക്ക് ഏത് നിയമത്തിനെതിരെയും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. അതിനകത്ത് ഭരണഘടനാവിരുദ്ധ നടപടിയുള്ളതായി തോന്നുന്നില്ല. മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവർണറെ കണ്ട് എന്തുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് വിശദീകരിക്കണം. എല്ലാ പ്രധാന വിഷയങ്ങളിലും ഇതു ബാധകമാണ്. നേരിട്ട് സുപ്രീംകോടതിയിൽ പോയതിലെ ശരി തെറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടിക്കടി വാർത്താ സമ്മേളനം നടത്തുന്നത് അദ്ഭുതമായി തോന്നുന്നുവെന്ന്

ജസ്റ്റിസ് പി.സദാശിവം ചോദ്യത്തിന് മറുപടി നൽകി. 'ഞാൻ അധികാരത്തിലിരുന്ന അഞ്ചു വർഷവും മാദ്ധ്യമങ്ങളെ കണ്ടില്ല. അറിയിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പത്രക്കുറിപ്പ് ഇറക്കും. മുഖ്യമന്ത്രിയോട് കാര്യങ്ങൾ ചോദിക്കണമെങ്കിൽ നേരിട്ട് ചോദിക്കും. മാദ്ധ്യമങ്ങളിലൂടെ ചോദിക്കില്ല. കേരളത്തിൽ കോൺഗ്രസ്, സി.പി.എം സർക്കാരുകളുടെ കാലയളവിൽ ഗവർണറായി ചുമതല വഹിച്ചു. രണ്ടു സർക്കാരുകളോടും എനിക്ക് നല്ല ബന്ധമായിരുന്നു.'- അദ്ദേഹം പറഞ്ഞു.