ആസിഫ് അലിയെ നായകനാക്കി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ അദ്ദേഹം. സൺഡേ ഹോളിഡേയിൽ ഒരു ഗാനചിത്രീകരണം കണ്ണൂരിലെ പ്രശസ്തമായ ഡ്രൈവ് ഇൻ ബീച്ചായ മുഴുപ്പിലങ്ങാടിയിലായിരുന്നു. സാധാരണ പോലെ സ്വന്തം വാഹനവുമായിട്ടാണ് ഇവിടെയും ജിസ് ജോയ് എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ സംവിധായകന്റെ വാഹനം ബീച്ചിലൂടെ ഓടിക്കുവാനായി ആസിഫ് അലി ചോദിച്ചു. താരത്തിനൊപ്പം മനോഹരമായ ബീച്ചിലൂടെ സഞ്ചാരത്തിനായി ജിസ് ജോയിയും കയറി. ആസിഫ് അലിയെ ഡ്രൈവിംഗ് സീറ്റിൽ കണ്ടതോടെ ചിത്രത്തിലെ നായികയായ അപർണ മുരളിയും അമ്മയും കൂടി വാഹനത്തിന്റെ പിൻസീറ്റിൽ കയറി.

ഇതിനുശേഷമാണ് താൻ പാഠം പഠിച്ച അനുഭവമുണ്ടായതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു. അപർണയോട് സീറ്റ് ബെൽറ്റിടുവാൻ ആസിഫ് അലി ആവശ്യപ്പെട്ടപ്പോൾ താനത്ര കാര്യമായി എടുത്തില്ലെന്നും എന്നാൽ പിന്നീട് സ്പീഡു കൂട്ടിയുള്ള ആസിഫ് അലിയുടെ ഡ്രൈവിംഗ് അനുഭവത്തിൽ ഞെട്ടിപ്പോയെന്നുമാണ് ജിസ് ജോയി വെളിപ്പെടുത്തുന്നത്. ഏതായാലും അന്നത്തോടെ ഒരു പാഠം താൻ പഠിച്ചു അത് വണ്ടി ഭ്രാന്തൻമാർക്ക് ഒരിക്കലും ഇങ്ങനെയുള്ള സ്ഥലത്ത് വാഹനം നൽകരുതെന്ന പാഠമായിരുന്നു. കൗമുദി ടിവിയിലെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് ജിസ് ജോയി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

sunday-holiday-