senior-womens-hockey-koll
senior womens hockey kollam

കൊല്ലം: പത്താമത് ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ തുടക്കമാകും. ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നത്. വിവിധ സംസ്ഥാനങ്ങളുടെ ടീമുകളും സർവീസ് ടീമുകളും ഉൾപ്പെടെ 45 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

വൈകിട്ട് 4.30ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് ഡോ. നരേന്ദ്ര ധ്രുവ് ബത്ര, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സികുട്ടൻ തുടങ്ങിയവർ പങ്കെടുക്കും.

19 ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ ദിവസവും മികച്ച കായിക താരത്തിന് പ്രത്യേക പുരസ്‌കാരവും ആദരവും നൽകും. എല്ലാ ദിവസവും വൈകിട്ട് കലാസാംസ്‌കാരിക പരിപാടികളും നടക്കും.

നാളെ രാവിലെ 7.30 ന് ഹോക്കി കുർഗും ഉത്താരാഖണ്ടും തമ്മിലാണ് ആദ്യ മത്സരം. ഇന്നലെ വൈകിട്ടോടെ വിവിധ ടീമുകൾ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങി.

 ടോക്കിയോ ഒളിമ്പിക്‌സ് ടീം ഇവിടെ നിന്ന്

ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക. അതിനായി ദേശീയ സെലക്‌ടർമാർ അടക്കമുള്ളവർ കൊല്ലത്തെത്തും.

എ,ബി ഡിവിഷനുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ബി ഡിവിഷനിൽ എട്ട് ഗ്രൂപ്പുകളിലായി 25 ടീമുകളും എ ഡിവിഷനിൽ 4 ഗ്രൂപ്പുകളിലായി 19 ടീമുകളുമാണ് മത്സരിക്കുക.

 ടീമുകളെത്തി, ടർഫ് സജീവം

തിങ്കളാഴ്‌ച മുതൽ ടീമുകൾ കൊല്ലത്തെത്തി തുടങ്ങി. യുക്കോ ബാങ്ക് ടീമാണ് ആദ്യമെത്തിയത്. ഇന്നലെ പത്ത് ടീമുകൾ കൂടിയെത്തി. ഇന്ന് രാവിലെയോടെ ടീമുകളെല്ലാം കൊല്ലത്തെത്തും. ദേശീയ സംസ്ഥാന താരങ്ങൾ ഉൾപ്പെടെ ആയിരത്തോളം താരങ്ങളും ഒഫിഷ്യലുകളും മത്സരങ്ങളുടെ ഭാഗമാകും.

 ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്ര

ഇന്ന് ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ആശ്രാമം ലിങ്ക് റോഡ് പരിസരത്ത് നിന്ന് ഹോക്കി സ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര നടക്കും. വിവിധ ബാൻഡ് സംഘങ്ങൾ, സ്‌കൂൾ വിദ്യാർത്ഥികൾ, കേരള തനിമ വിളിച്ചോതുന്ന ഫ്ളോട്ടുകൾ, വാദ്യമേളങ്ങൾ എന്നിവ മിഴിവേകും. നൂറ് കണക്കിന് കായിക താരങ്ങളും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും പ്രമുഖ വ്യക്തികളും ഘോഷയാത്രയിൽ പങ്കാളികളാകും.