ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കാത്തുനിൽക്കേണ്ടി വന്നത് മണിക്കൂറുകളോളം. നാമനിർദേശ പത്രിക സമർപിക്കാനുള്ള അവസാന ദിവസമായ ഇന്ന് അസാധാരണമാം വിധത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ എത്തിയിരുന്നു. ഇതേതുടർന്ന് സ്ഥാനാർത്ഥികളുടെ നീണ്ട ക്യൂവാണ് ഡൽഹി ജാമ്നഗർ ഹൗസിൽ രൂപപ്പെട്ടത്
100 പേരാണ് പത്രിക സമർപ്പിക്കാനായി മാത്രം ഇന്ന് എത്തിയത്. ഉച്ചക്ക് മൂന്നുമണി വരെ ഓഫീസിലെത്തിയ എല്ലാവർക്കും നാമനിർദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ അധികൃതർ ടോക്കൺ ഏർപ്പെടുത്തി. "എന്റെ ടോക്കൺ നമ്പർ 45 ആണ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് നിരവധി പേരാണ് ഇന്ന് എത്തിയിരിക്കുന്നത്. ഞാനും നോമിനേഷൻ സമർപ്പിക്കുന്നതിനായി കാത്തുനിൽക്കുകയാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ നിരവധി പേർ മുന്നോട്ടുവന്നതിൽ വലിയ സന്തോഷമുണ്ടെന്നും കേജ്‌രിവാൾ ട്വീറ്റ് ചെയ്തു"
Waiting to file my nomination. My token no is 45. There are many people here to file nomination papers. Am so glad so many people participating in democracy.
— Arvind Kejriwal (@ArvindKejriwal) January 21, 2020
അസാധാരണമായ വിധത്തിൽ ക്യൂ രൂപപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, നാമനിർദേശ പത്രിക സമർപ്പിക്കാൻ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന പലർക്കും പത്രികയോ മറ്റു രേഖകളോ ഇല്ലെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
തിങ്കളാഴ്ച കേജ്‌രിവാൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടുപോയതാണ് പത്രിക സമർപ്പണം മാറ്റിവയ്ക്കാൻ കാരണം. വൻ ജനപങ്കാളിത്തമായിരുന്നു കേജ്‌രിവാളിന്റെ റോഡ് ഷോയ്ക്ക്.