ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നാലാഴ്‌ചത്തേക്ക് ഡൽഹിയിൽ വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആസാദിന് ഡൽഹിയിൽ വരാമെന്ന് അഡിഷണൽ സെഷൻസ് ജഡ്‌ജി കാമിനി ലാവു വ്യക്തമാക്കി. ഇതനുസരിച്ച് ആസാദിന്റെ ജാമ്യ വ്യവസ്ഥകളിൽ കോടതി ഇളവും അനുവദിച്ചു.
പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി ജിയിലിലടച്ചിരുന്ന ആസാദിന് ജാമ്യം അനുവദിച്ച വ്യവസ്ഥകളുടെ ഭാഗമായാണ് നാലാഴ്ചത്തേക്ക് ഡൽഹിയിൽ കടക്കരുതെന്ന് കോടതി ഉപാധി വച്ചത്. എന്നാൽ ഡൽഹിയിൽ ആസാദിന്റെ സാന്നിദ്ധ്യം അക്രമത്തിന് കാരണമാകുമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അദ്ദേഹത്തിന്റെ വിലക്ക് നീക്കിയത്. വിലക്ക് തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കാട്ടി ആസാദ് സമർപ്പിച്ച ഹർജിയിലാണ്
കോടതി ഉത്തരവ്.
ഡൽഹിയിലെ ജുമാമസ്‌ജിദിൽ പ്രക്ഷോഭം നയിച്ചതിന് കഴിഞ്ഞ ഡിസംബർ 20ന് അറസ്റ്റിലായ ആസാദിന് ഈ മാസം 15നാണ് കോടതി ജാമ്യം അനുവദിച്ചത്. ഡൽഹി തിരഞ്ഞെടുപ്പിൽ കുഴപ്പങ്ങൾ ഒഴിവാക്കാൻ ആസാദ് ചികിത്സാ ആവശ്യത്തിനല്ലാതെ ഒരു മാസത്തേക്ക് ഡൽഹിയിൽ കടക്കരുതെന്നും സ്വദേശമായ ഉത്തർപ്രദേശിലെ സഹരൺപൂരിലേക്ക് പൊയ്‌ക്കൊള്ളണമെന്നും, പ്രക്ഷോഭങ്ങളിൽ പങ്കെടുക്കരുതെന്നുമായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികൾ
ഡൽഹിയിൽ വരുന്ന ദിവസങ്ങളും അന്നന്നത്തെ പരിപാടികളും ഡൽഹി പൊലീസ് കമ്മിഷണറെ അറിയിക്കണം
കോടതിയെ അറിയിച്ച സ്ഥലങ്ങളിൽ മാത്രമേ താമസിക്കാവൂ