eloped

അഹമ്മദാബാദ്: മക്കളുടെ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വധുവിന്റെ 46കാരിയായ അമ്മയും വരന്റെ 48കാരനായ അച്ഛനും ഒളിച്ചോടി. അച്ഛനമ്മമാരുടെ പ്രണയം പൂവണിഞ്ഞപ്പോൾ മുടങ്ങിയത് ഒരുവർഷം മുമ്പേ നിശ്ചയിച്ചുറപ്പിച്ച യുവമിഥുനങ്ങളുടെ വിവാഹം!. പ്രണയസ്വപ്നങ്ങൾ പൊളിഞ്ഞതിന്റെ ഷോക്കിലാണ് വധൂവരൻമാർ. വിചിത്രമായ ഒളിച്ചോട്ടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.

ഗുജറാത്തിലെ സൂററ്റിലാണ് സിനിമാകഥയെ വെല്ലുന്ന ഒളിച്ചോട്ടം നടന്നത്. ഫെബ്രുവരി രണ്ടാം വാരമാണ് യുവതീ യുവാക്കളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ 10 ദിവസം മുമ്പ്,​ വിവാഹാഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെ വരന്റെ അച്ഛനെ കതർഗാമിലുള്ള വീട്ടിൽ നിന്നും കാണാതായി. വ്യവസായിയും പ്രാദേശിക രാഷ്ട്രീയ പാർട്ടി അംഗവുമാണിയാൾ. വധുവിന്റെ അമ്മയേയും അതേ ദിവസം മുതൽ നവസരിയിൽ നിന്നുള്ള വീട്ടിൽ നിന്നും കാണാതായി.
പത്ത് ദിവസമായിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് ഇരുവരും ഒളിച്ചോടിയതായി നാട്ടുകാർ സംശയം തോന്നിയത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണവും ഒളിച്ചോട്ടത്തിലേക്കാണ് വിരൽചൂണ്ടിയത്.

ഇരുകുടുംബങ്ങളും വർഷങ്ങളായി അടുത്തടുത്തായിരുന്നു താമസമെന്നും ഇരുവരും തമ്മിൽ ചെറുപ്പം തൊട്ടേ പരിചയമുണ്ടായിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ വധുവിന്റെ അമ്മയെ വിവാഹിതയായി നാടുവിട്ടതോടെയാണ് ഇരുവരും പിരിഞ്ഞതെന്ന് അടുത്ത ബന്ധു പറഞ്ഞു.

ഇതോടെ നടക്കാനിരുന്ന വിവാഹം റദ്ദാക്കി,​ അച്ഛനമ്മമാർക്കായുള്ള അന്വേഷണത്തിലാണ് വധൂവരൻമാർ.