കാഠ്മണ്ഡു : നേപ്പാളിൽ വിനോദസഞ്ചാരത്തിന് എത്തിയ രണ്ട് മലയാളി കുടുംബങ്ങളിലെ നാല് കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ എട്ട് പേർ റിസോർട്ടിൽ ഉറക്കത്തിൽ ഹീറ്ററിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. തിങ്കളാഴ്‌ച രാത്രിയാണ് ദുരന്തം. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
നേപ്പാളിലെ മക്‌വൻപൂർ ജില്ലയിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ താമസിച്ചത്.
ദുബായിൽ എൻജിനിയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയ്ൻ എ - 59 രോഹിണി ഭവനിൽ പ്രവീൺ കൃഷ്ണൻ നായർ (39), എറണാകുളം അമൃത ഹോസ്പിറ്റലിൽ എം.ഫാം വിദ്യാർത്ഥിയായ ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (8), ആർച്ച (6), അഭിനവ് (5), എറണാകുളം ഇൻഫോപാർക്ക് എൻജിനിയർ കോഴിക്കോട് കുന്ദമംഗലം വെളൂർ പുനത്തിൽ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ്‌മി പീതാംബരൻ (29), മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഒരു മുറിയിൽ താമസിച്ചവരാണ്.രഞ്ജിത്തിന്റെ മറ്റൊരു മകൻ മാധവ് (6) രക്ഷപ്പെട്ടതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മാധവ് മറ്റൊരു മുറിയിലാണ് ഉറങ്ങിയത്.
പുനത്തിൽ മാധവൻ നായരുടെയും പ്രഭാവതിയുടെയും മകനാണ് രഞ്ജിത്. മൊകവൂർ സ്വദേശിയായ ഭാര്യ ഇന്ദു എലത്തൂർ കാരന്നൂർ സർവീസ് സഹകരണബാങ്കിലെ ജീവനക്കാരിയാണ്. എം.ടെക് കാരനായ രഞ്ജിത് നേരത്തെ തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു.
കിട്ടിയത് രണ്ട് മുറികൾ
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഘം റിസോർട്ടിൽ എത്തിയത്. നാലു മുറികൾ ബുക്ക് ചെയ്തിരുന്നു. ചെക്ക് ഇൻ സമയം കഴിഞ്ഞിരുന്നതിനാൽ രണ്ടു മുറികളേ കിട്ടിയുള്ളൂ. അതിനാലാണ് ഒരു മുറിയിൽ എട്ട് പേർ താമസിക്കേണ്ടി വന്നത്. ഇവരുടെ മുറി രാവിലെ തുറക്കാൻ വൈകി. തുടർന്ന് ഹോട്ടൽ അധികൃതർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. വാതിൽ അകത്തു നിന്ന് പൂട്ടുകയും ജനാലകൾ കുറ്റിയിടുകയും ചെയ്‌തിരുന്നു. എട്ട് പേരെയും ഹെലികോപ്ടറിൽ കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്യും. നാളെ നാട്ടിലെത്തിക്കും.
മരണം പതിയിരുന്ന ഔട്ട്ഡോർ ഹീറ്റർ
കൊടും തണുപ്പ് കാരണം മുറിയുടെ വാതിലും ജനാലകളും അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചു. ലോണുകളിലും മറ്റും ഉപയോഗിക്കുന്ന ഔട്ട്‌ഡോർ ഹീറ്റർ ആണ് മുറിയിൽ ഉപയോഗിച്ചതെന്നാണ് വിവരം. ഹീറ്ററിൽ നിന്ന് വമിച്ച വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
എല്ലാവരും കോളേജ് കൂട്ടുകാർ
നാലു കുടുംബങ്ങളാണ് വിനോദസഞ്ചാരത്തിന് പോയത്. എല്ലാവരും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട സംഘം ഡൽഹിയിലെത്തി ഒരു സുഹൃത്തിനൊപ്പം താമസിച്ചു. നേപ്പാളിലേക്ക് അപ്രതീക്ഷിത യാത്രയായിരുന്നു.
പൊഖാറ നഗരം സന്ദർശിച്ച് തിരിച്ചുപോകും വഴിയാണ് ഹിൽസ്റ്റേഷനിലെ റിസോർട്ടിൽ എത്തിയത്. ഇന്നലെ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ദുരന്തം.
വിദേശമന്ത്രാലയം ഇടപെട്ടു
സംഭവം അറിഞ്ഞതോടെ ഇടപെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറും സഹമന്ത്രി വി.മുരളീധരനും പറഞ്ഞു. അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നടപടികൾ എടുക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ എത്തി.