തിരുവനന്തപുരം: ആറുവർഷം പൂർത്തിയാക്കിയ സ്വാശ്രയ കോളേജുകൾക്ക് അക്രഡിറ്റേഷൻ ഇല്ലാതെ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാക് അക്രഡിറ്റേഷനിൽ (സ്‌റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) ഫീസിളവ് വരുത്താനും യോഗം തീരുമാനിച്ചു. കോളേജുകൾക്ക് അക്രഡിറ്റേഷൻ ഫീയായി 25,000 രൂപയും നിശ്ചയിച്ചു. അക്രഡിറ്റേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ തുക റീ ഇംപേഴ്സ് ചെയ്യും.
രണ്ടിലധികം സർവകലാശാലകൾ സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ പ്രൊഫ.രാജൻ ഗുരുക്കൾ, ഡോ.ബി.ഇക്ബാൽ, ഉഷാ ടൈറ്റസ്, ഡോ.സാബു തോമസ്. ഡോ.രാമചന്ദ്രൻ എന്നിവരെ അംഗകളാക്കി കമ്മിറ്റി രൂപീകരിച്ചു.
യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ/പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് കളയാൻ യോഗം ശുപാർശ ചെയ്തു.തുല്യത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സമ്പ്രദായം നിർത്തലാക്കാനും മുഖ്യവിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ഡിഗ്രിയുള്ളവരെ ഒരുപോലെ ജോലിക്കും, ഉപരിപഠനത്തിനും യോഗ്യരായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുല്യത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന രീതി പി.എസ്.സി നിർത്തലാക്കുന്നതിന് ആവശ്യമായ വിധം സ്‌പെഷ്യൽ റൂൾസ് പരിഷ്‌കരിക്കും.
വിദ്യാർത്ഥി പ്രവേശനത്തിന് പ്രാദേശിക വെയിറ്റേജ് നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ സർവകലാശാലകളോട് യോഗം ആവശ്യപ്പെട്ടു. പരീക്ഷ സംവിധാനത്തിൽ പാസ്‌വേഡിന് പകരം ബയോമെട്രിക് സെക്യൂരിറ്റി സംവിധാനം നിർബന്ധമായും ഏർപ്പെടുത്താനും ശുപാർശ ചെയ്തു.
യു.ജി.സി സൗജന്യ ജേർണൽ സമ്പ്രദായം നിർത്തലാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സർവകലാശാലകളുടെ പങ്കാളിത്തത്തോടെ ഇ-ജേർണലുകളുടെ സംസ്ഥാനതല കൺസോർഷ്യം രൂപീകരിക്കും.