തിരുവനന്തപുരം: ദേശീയ സാമ്പിൾ സർവേയുടെ ജില്ലാതല വിവരശേഖരണ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് സർവേ നടത്തുന്നത്. സർവേയുമായി ബന്ധപ്പെട്ട് വീടുകളിലെത്തുന്ന ഇൻവെസ്റ്റിഗേറ്റർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി. അനീഷ് കുമാർ അറിയിച്ചു. സർക്കാരിന്റെ ആസൂത്രണ പ്രക്രിയകൾക്കാണ് ഇത് മുഖ്യമായി ഉപയോഗിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, എൻ.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.