തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ ജനുവരി 18ന് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
കമ്മിഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായതും വിദേശത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ. www.lsgelection.kerala.gov.in ൽ ഫാറം 4 എ യിൽ ഓൺലൈനായി വിവരങ്ങൾ നൽകി പ്രിന്റ് എടുത്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ അയയ്ക്കണം.
അപേക്ഷയിൽ നൽകുന്ന പാസ്‌പോർട്ടിലെ വിവരങ്ങളുടെയും വിസ, ഫോട്ടോ എന്നിവ മുദ്രണം ചെയ്ത പ്രസക്ത പേജുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയയ്‌ക്കണം. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്കാണ് അപേക്ഷ അയയ്ക്കേണ്ടത്.