തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ മൂന്ന് പദ്ധതികൾക്കായി 76.37 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയുടെ അംഗീകാരം. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്കുള്ള പുനരധിവാസ പാക്കേജിന് 27.04 കോടി രൂപയുടെയും പോളിടെക്‌നിക് കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 6.04 കോടി രൂപയുടെയും പേരൂർക്കട ഫ്ലൈ ഓവർ പദ്ധതിക്ക് 43.29 കോടി രൂപയുടെയും പദ്ധതികൾക്കാണ് കിഫ്ബി ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചത്. തീരുമാനം വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഏറെ സഹായകമാകുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള അലൈൻമെന്റ് തയ്യാറാക്കുന്ന ജോലിയും റോഡിന്റെ അതിർത്തി മാർക്ക് ചെയ്‌ത് കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. ഭൂമി അളന്ന് കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ അടുത്തയാഴ്ച ആരംഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.