പാട്‌ന: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുതിർന്ന ജെ.ഡി.യു നേതാവായ പവൻ കെ.വർമ പാർട്ടി നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്തെഴുതി. കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.യുവിന് എങ്ങനെ സാധിക്കുമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് തന്റെ കത്തെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു. ബി.ജെ.പിയുമായുള്ള സഖ്യം തന്നെ വലിയ ആശങ്കയിലാക്കുന്നതായും ഇക്കാര്യത്തിൽ പ്രത്യയശാസ്ത്രപരമായ വ്യക്തതവരുത്തണമെന്നും അദ്ദേഹം കത്തിൽ കുറിച്ചു. ബി.ജെ.പിയെയും ആർ.എസ്.എസിനെയും കുറിച്ച് ഒന്നിലധികം തവണ ആശങ്ക പ്രകടിപ്പിക്കുകയും മഹാസഖ്യത്തിന്റെ കാലത്ത് ആർ.എസ്.എസ് മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് നിതീഷ് കുമാറെന്നും അകാലിദൾ അടക്കമുള്ള ജെ.ഡി.യുവിന്റെ സഖ്യകക്ഷികൾ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ബീഹാറിനു പുറത്തേക്ക് ബി.ജെ.പിയുമായുള്ള സഖ്യം വ്യാപിപ്പിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.