കൃഷ്ണകുമാർ ആമലത്ത്
തൃശൂർ : ഡൽഹിയിൽ നടക്കുന്ന വിവിധ രാജ്യങ്ങളിലെ ബാഴ്സലോണ അക്കാഡമികൾ പങ്കെടുക്കുന്ന ബാഴ്സ അക്കാഡമി ഏഷ്യാ - പസഫിക് കപ്പിനുള്ള ആസ്ട്രേലിയൻ അക്കാഡമി അണ്ടർ- 9 ടീമിൽ മലയാളി ബാലൻ ജെറോൺ ജോഷി പുലിക്കോട്ടിലും.
ഇന്ത്യയും ആസ്ട്രേലിയയും കൂടാതെ ജപ്പാൻ, സിംഗപ്പൂർ, ചൈന തുർക്കി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 ഓളം കുട്ടികളാണ് ടൂർണമെന്റിൽ അണ്ടർ 9, 11, 13, 15 എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 2 വർഷത്തോളമായി ആസ്ട്രേലിയയിലെ സിഡ്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാഴ്സ അക്കാഡമിയിലാണ് ജെറോൺ ജോഷി പരിശീലനം നടത്തി വരുന്നത്.
എഫ്.സി ബാഴ്സലോണയുടെ താരമായിരുന്ന ഫ്രാൻസീസ് പുയോൾ ആണ് പരിശീലകൻ. മാർക്കസ് ഫ്ളോട്ട്മാൻ ആണ് അക്കാഡമിയുടെ മാനേജർ. ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം. ശനിയാഴ്ചകളിൽ അക്കാഡമിയിലെ ടീമുകളുമായും ഞായറാഴ്ച മറ്റു ക്ലബ്ബുകളുമായും മത്സരം സംഘടിപ്പിച്ചാണ് കുട്ടികളുടെ നിലവാരം ഉയർത്തുന്നത്.
ആസ്ട്രേലിയയിലെ ചെറിബ്രുക്ക് പബ്ളിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജെറോൺ. ആസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള തൃശൂർ ജില്ലയിലെ കടവല്ലൂർ പുലിക്കോട്ടിൽ ജോഷി തമ്പിയുടെയും ആഷിക്ക ജോഷിയുടെയും മകനാണ് ജെറോൺ ജോഷി. സഹോദരൻ: ജോഹൻ ജോഷി.