തിരുവനന്തപുരം: മാർച്ച് 9ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സുരക്ഷയ്ക്കായി 3500 പൊലീസുകാരെ നിയോഗിക്കാൻ മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഒന്നാം ദിവസം മുതൽ എട്ടാം ദിവസം വരെ 700 പൊലീസുകാരെ ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിക്കും. ഉത്സവ പ്രദേശങ്ങളിലെ 33 വാർഡുകളിൽ അടിയന്തരമായി പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും അടുത്തമാസം പ്രവൃത്തികൾ പൂർത്തീകരിക്കുകയും ചെയ്യാൻ സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തി. വി.കെ.പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനു.ഐ പി, സുദർശനൻ, പുഷ്‌പലത, വഞ്ചിയൂർ പി.ബാബു, ഉത്സവമേഖലയിലെ കൗൺസിലർമാർ,ഡെപ്യൂട്ടി കമ്മിഷണർ കറുപ്പ് സ്വാമി, ഡി.എം.ഒ തഹസിൽദാർ, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, റെയിൽവേ, ആരോഗ്യവകുപ്പ്, സ്വിവറേജ്, റവന്യു, ഇറിഗേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
ഉത്സവമേഖല പ്രദേശങ്ങളിലെ റോഡുകളിലെ മരാമത്ത് പ്രവൃത്തികൾ ഫെബ്രുവരി 20 നു മുമ്പ് പൂർത്തീകരിക്കും
പൊതുമരാമത്തിന് കീഴിൽ വരുന്ന ക്ഷേത്ര പരിസരത്തുള്ള റോഡുകളുടെ അറ്റകുറ്റ പണി വേഗത്തിലാക്കും
ഉത്സവമേഖലാ പ്രദേശങ്ങളിലെ ഡ്രെയിനേജ് സംവിധാനം ക്രമപ്പെടുത്തും
മൈനർ ഇറിഗേഷൻ പ്രവർത്തനങ്ങളുടെ 25 ടെൻഡറുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി
ഈ പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ പ്രവർത്തനത്തിന് ആവശ്യമായ മെറ്റീരിയൽ കെ.എസ്.ഇ.ബി ഉടൻ ലഭ്യമാക്കും
കുടിവെള്ള വിതരണത്തിനായി നഗരസഭയും വാട്ടർ അതോറിട്ടിയും റവന്യൂ വിഭാഗവും ചേർന്ന് 25 ടാങ്കറുകൾ സ്ഥാപിക്കും
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസര പ്രദേശങ്ങളിലെ കുടിവെള്ളം ക്ലോറിനേഷൻ ചെയ്യും
കുത്തിയോട്ട സമയത്ത് പീഡിയാട്രീഷൻ ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും
അന്നദാനം നടപ്പാക്കുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനായി 500 ഗ്രീൻ ആർമി വോളന്റിയർമാരെ നിയോഗിക്കും
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി നഗരസഭ 7000 സ്റ്റീൽ ഗ്ലാസുകളും 2450 സ്റ്റീൽ പ്ലേറ്റുകളും ശേഖരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആവശ്യാനുസരണം എത്തിക്കും
അന്നദാനം നടത്തുന്നവർ നഗരസഭയിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം
പൊങ്കാലയ്ക്ക് മുമ്പും ശേഷവും ശുചീകരണ പ്രവർത്തനങ്ങൾക്കായി 3383 ജീവനക്കാരെ നിയമിക്കും