തിരുവനന്തപുരം: 'ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക' എന്ന മുദ്രാവാക്യമുയർത്തി 26ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയിൽ മതേതര കേരളത്തിലെ ജനാധിപത്യ മനസുകളാകെ ഒന്നിക്കുമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിത്തീർക്കാനും വിഭജന രാഷ്ട്രീയത്തിന്റെ മുറിവ് വീണ്ടും സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ ശക്തികൾക്കെതിരായ പ്രതിരോധ നിരയാണ് ഭരണഘടന സ്ഥാപിതമായ 70-ാം വർഷിക ദിനത്തിൽ എൽ.ഡി.എഫ് സൃഷ്ടിക്കുന്ന മനുഷ്യ മഹാശൃംഖല. ഒരു ലക്ഷത്തിലേറെ സി.പി.ഐ പ്രവർത്തകർ ജില്ലയിൽ മനുഷ്യ മഹാശൃംഖലയിൽ പങ്കാളികളാകുമെന്നും ജില്ലാ കൗൺസിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ ശൃംഖലയുടെ പരിപാടിയും വിശദാംശങ്ങളും വിവരിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, വി.പി. ഉണ്ണികൃഷ്ണൻ, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, അഡ്വ. ജെ. വേണുഗോപാലൻ നായർ, ഇന്ദിര രവീന്ദ്രൻ, അരുൺ .കെ.എസ്, സോളമൻ വെട്ടുകാട്, മനോജ് ബി. ഇടമന, മീനാങ്കൽ കുമാർ എന്നിവർ പങ്കെടുത്തു. വട്ടിയൂർക്കാവ് ശ്രീകുമാർ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.