ips

ഷില്ലോംഗ്: ഡ്യൂട്ടിയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചതായും, അപമാനിച്ചതായും ശാരീരികോപദ്രവം ഏൽപ്പിച്ചതായും പരാതി. മണിപ്പൂരിലുള്ള ടെംഗ്‌നൗപാൾ ജില്ലയിലുള്ള മോറെ ചെക്ക്പോസ്റ്റിൽ വച്ച് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഇന്ത്യയുടെ മ്യാൻമാർ അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മോറെ.

ഐ.പി.എസ്. ഉദ്യോഗസ്ഥ നൽകിയ പരാതിയിന്മേൽ അസം റൈഫിൾസിൽസിലെ സൈനികനായ പി.കെ പാണ്ഡെയ്ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിഷയത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണ് പൊലീസ് ചെയ്തത്. ഇയാളോട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് അസം റൈഫിൾസ് അധികൃതരുമായി ബന്ധപ്പെട്ടതായും പൊലീസ് അറിയിച്ചു.

ഞാറയാഴ്ച്ച ഉച്ചയ്ക്ക് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം മോറെ ടൗണിൽ എത്തിയ ഐ.പിഎസുകാരിയോടാണ് പാണ്ഡെ അതിക്രമം കാട്ടിയത്. ചെക്ക് പോസ്റ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടപ്പോൾ സൈനികൻ ഇവരെ തടയുകയായിരുന്നു. തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ കാണിക്കാമെന്ന് പറഞ്ഞിട്ടും ഔദ്യോഗിക വാഹനം പരിശോധിച്ച ശേഷം മാത്രം അകത്തേക്ക് പ്രവേശനം നൽകിയാൽ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പാണ്ഡെ ഇവർക്കിരുവർക്കും പ്രവേശനം നൽകാൻ തയാറായില്ല.

തുടർന്ന് ഇയാൾ ക്ഷോഭത്തോടെ പെരുമാറുകയും ഇവർ വന്ന വാഹനത്തിൽ ഇടിക്കുകയും മോശപ്പെട്ട ഭാഷയിൽ ഇവരോട് സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ഇയാൾ തന്നെ ശാരീരികമായി ആക്രമിച്ചതെന്നും ലൈംഗികമായി ഉപദ്രവിച്ചതെന്നും ഐ.പി.എസ് ഉദ്യോഗസ്ഥ തന്റെ പരാതിയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ സമാന്തര സൈനിക വിഭാഗമാണ് അസം റൈഫിൾസ്.