കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാൻ ശ്രമിച്ച റെയിൽവേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികൾ അറസ്റ്റിൽ. മൈസൂർ- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ ബംഗളൂരു വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച രാത്രി കൊല്ലത്തേക്ക് വന്ന പുനലൂർ സ്വദേശിനികളാണ് മദ്യലഹരിയിലെത്തിയവരുടെ അതിക്രമത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തൻവീട്ടിൽ വിഷ്ണു വി. ദേവ് (22), ചവറ അരിനല്ലൂർ പുളിക്കത്തറ ഹൗസിൽ ഗോകുൽ (22), പുളിക്കര സബീന മൻസിലിൽ ഷിജു (30) എന്നിവരെ ആലപ്പുഴ റെയിൽവേ എസ്.ഐ വി. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ പഠിക്കുന്ന മകളെ സന്ദർശിച്ച ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടമ്മ മരുമകൾക്കൊപ്പം ട്രെയിനിൽ കയറിയത്. എ.സി കമ്പാർട്ട്മെന്റിൽ യാത്ര ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോൾ അക്രമികളടക്കം ആറ് ശുചീകരണ തൊഴിലാളികളെത്തി. മലയാളികളാണോ എന്ന് ചോദിച്ചാണ് ഇവർ അക്രമം തുടങ്ങിയത്. പ്രതികരിക്കാതെ ഇരുന്നപ്പോൾ അസഭ്യവർഷം ആരംഭിച്ചു. കാലിൽ പിടിച്ച് ബർത്തിൽ നിന്ന് താഴേക്ക് വലിച്ചിടാനും ശ്രമിച്ചു. അക്രമം രാത്രി 12 വരെ തുടർന്നു. റെയിൽവേയുടെ അലർട്ട് നമ്പരായ 182 ൽ സഹായത്തിനായി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും വീട്ടമ്മ പറഞ്ഞു. ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ കോച്ചിലെത്തിയ ടി.ടി.ഇയെ ഇവർ വിവരം അറിയിച്ചു. ഇദ്ദേഹം അക്രമി സംഘത്തെ തടഞ്ഞുവച്ചു. ട്രെയിൻ കായംകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിന് ഇരയായ സ്ത്രീകൾ കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് അവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറി.
,