bipin-rawat

ലാഹോർ: തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്ന 'ആയിരക്കണക്കിന്'പാകിസ്ഥാനി യുവാക്കളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ പാകിസ്ഥാൻ ക്യാമ്പുകൾ തുറന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാദ്ധ്യമമായ 'ഇന്ത്യ ടുഡേ'യുടെ ഓൺലൈൻ പതിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്ഥാൻ. ഖൈബർ പഖ്‌ത്തൂൺഖ്‌വാ എന്നീ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ക്യാമ്പുകൾ പാകിസ്ഥാൻ തുറന്നിരിക്കുന്നതെന്നാണ് വിവരം. ഇത്തരം ക്യാമ്പുകളുടെ ഓരോ സെന്ററിലും 700റോളം ആൾക്കാരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വിവരം നൽകുന്നു.

മാത്രമല്ല, കൂടുതൽ പേരെ ഉൾക്കൊള്ളാനായി കൂടുതൽ സെന്ററുകൾ ഉൾപ്പെടുത്തി ക്യാമ്പുകൾ വികസിപ്പിക്കുകയാണ് പാകിസ്ഥാൻ എന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. 'ഹിംസാത്മകമായ പ്രത്യയശാസ്ത്രം' ഉള്ളിൽ പേറുന്ന യുവാക്കൾക്കായാണ് പാകിസ്ഥാൻ ഈ ക്യാമ്പുകൾ തയാറാക്കുന്നത്. ഇത്തരം ക്യാമ്പുകളിലേക്ക് എത്തുന്ന 92 ശതമാനം യുവാക്കളും 32 വയസിന് താഴെയുള്ളവരും 12 ശതമാനം പ്രായപൂർത്തി എത്താത്തവരുമാണെന്നാണ് ഇന്റലിജൻസ് വിഭാഗങ്ങൾ പറയുന്നത്.

ഇതിൽത്തന്നെ 37 ശതമാനം പേർ അതിതീവ്രമായ(ബ്ലാക്ക് സോൺ) പ്രത്യയശാസ്ത്രങ്ങളാൽ ആകർഷിക്കപ്പെട്ടവരാണെന്നും 35 ശതമാനത്തോളം പേർ അത്രകണ്ട് തീവ്രമല്ലാത്ത(ഗ്രേ സോൺ) ചിന്താഗതികളുടെ ഇരകളായാണ് പാകിസ്ഥാൻ കണക്കാക്കുന്നത്. ഇത്തരം ക്യാമ്പുകളുടെ എണ്ണതിൽ സംഭവിക്കുന്ന വർദ്ധനവ് തീവ്രവാദത്തെ നിയന്ത്രിക്കാനുള്ള പാകിസ്ഥാന്റെ കഴിവുകേടിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഇത്തരത്തിലുള്ള ഡസൻ കണക്കിന് ക്യാമ്പുകൾ പാകിസ്ഥാനിൽ മുളച്ചുപൊന്തുന്നുണ്ടെന്നും ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സംയുക്ത സേനാ തലവൻ ബിപിൻ റാവത്ത്, ഇത്തരം ക്യാമ്പുകൾ പാകിസ്ഥാനിൽ നിർമ്മിക്കപ്പെടുന്നുണ്ട് എന്ന് പ്രസ്താവിച്ചത് അടുത്തിടെ വിവാദമായിരുന്നു.

ചിത്രത്തിന് കടപ്പാട്: ഇന്ത്യ ടുഡേ