മുംബയ്: നഗരത്തിലെ സിനിമ തീയറ്ററുകൾ, ഭക്ഷണശാലകൾ, മാളുകൾ, പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്നതല്ലാത്ത കടകൾ എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ 24 മണിക്കൂർ നേരവും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്ന മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വാളെടുത്ത് ബി.ജെ.പി.
ഇക്കാര്യം കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ മുംബയ് നഗരത്തിൽ ബലാത്സംഗങ്ങൾ വർദ്ധിക്കുമെന്നും യുവാക്കൾ വഴിതെറ്റുമെന്നുമാണ് ബി.ജെ.പി നേതാവായ രാജ് പുരോഹിത് പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി നഗരത്തിലെ രാത്രി ജീവിതത്തെ താൻ എതിർത്തുകൊണ്ടിരിക്കുകയാണെന്നതും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്നതുമാണ് പുരോഹിത് തന്റെ എതിർപ്പിനെ പിന്താങ്ങാനായി ഉയർത്തുന്ന വാദങ്ങൾ. സർക്കാരിന്റെ ഈ നടപടി ബലാത്സംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഇതുകാരണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലായി ഉണ്ടാകുമെന്നും യുവാക്കൾ വഴിതെറ്റുമെന്നും പുരോഹിത് ന്യായീകരിക്കുന്നു.
മദ്യത്തിന്റെ സംസ്കാരം കൂടുതൽ ജനപ്രിയമായി മാറുകയാണെങ്കിൽ ആയിരക്കണക്കിന് നിർഭയ കേസുകൾ ഉണ്ടാകുമെന്നും ഇത്തരം കേസുകൾ ഇന്ത്യയ്ക്ക് നല്ലതാണോയെന്ന് ഉദ്ധവ് താക്കറെ ആലോചിക്കണമെന്നും രാജ് പുരോഹിത് പറഞ്ഞു. ഒരു ദേശീയ വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.