മുംബയ്: മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അശ്ശീല വീഡിയോ കാട്ടി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകരടക്കം അഞ്ചുപേർ അറസ്റ്റിൽ. ജനുവരി 18നാണ് സംഭവം നടന്നത്. സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് അദ്ധ്യാപകരും അവരുടെ കൂട്ടുകാരും പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഇവർ കുട്ടിയെ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്തു.
ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ബോധരഹിതയായപ്പോൾ ഇവർ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയിൽ നിന്ന് സംഭവം അറിഞ്ഞ അവളുടെ അമ്മ ആദ്യം പ്രധാനാദ്ധ്യാപകനോട് പരാതിപ്പെട്ടു. എന്നാൽ, പൊലീസിൽ പരാതിപ്പെടാൻ അയാൾ വിസമ്മതിച്ചു. പിന്നീട് ബന്ധുക്കളുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. പിടിയിലാവർക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.