അത്ഭുതം നിറഞ്ഞ ഒരു ശബ്ദം സി.ഐ അലിയാർ ഒഴികെയുള്ളവരിൽ നിന്നു പുറത്തുവന്നു.
എസ്.പി ഷാജഹാൻ അഭിനന്ദസൂചകമായി അലിയാരുടെ തോളിൽ തട്ടി.
''തന്നെ സമ്മതിച്ചിരിക്കുന്നു."
താങ്ക്‌യൂ സാർ."
അലിയാർ ഇരുമ്പുപാര പോലീസുകാർക്ക് കൈമാറി.
അവർ അലമാരയുടെ പിൻഭാഗം കുത്തിയടർത്തി പലകകൾ നീക്കം ചെയ്ത് തുടങ്ങി.
അതിനനുസരിച്ച് അലമാരയ്ക്ക് അപ്പുറം കനത്ത ഇരുൾ പ്രത്യക്ഷമായി... ഒപ്പം ഒരുതരം ഹുങ്കാരത്തിന്റെ പ്രതിദ്ധ്വനി.
എല്ലാവരും കാത് കൂർപ്പിച്ചു.
ഏതോ മലയിടുക്കിൽ വെള്ളം പതിക്കുന്നത് അകലെനിന്നു കേൾക്കുന്നതുപോലെ...
പലകകൾ കുറച്ചു നീക്കിക്കഴിഞ്ഞപ്പോൾ അലിയാർ നിർദ്ദേശിച്ചു:
''ഇനിയൊന്നു നിർത്തിക്കേ."
പോലീസുകാർ പിന്നോട്ടുമാറി.
അലിയാർ അലമാരയ്ക്കുള്ളിൽ കയറിനിന്നു. ശേഷം പലക പൊളിച്ച ഭാഗത്തുകൂടി അപ്പുറത്തേക്കു കൈ കടത്തി പരതി നോക്കി.
ആ കൈപ്പടം എന്തിലോ പതിഞ്ഞു. അലിയാർ അതു വലിച്ചുനീക്കി. ഒരു ഓടാമ്പലാണെന്ന് അയാൾക്കു ബോദ്ധ്യപ്പെട്ടിരുന്നു.
പിന്നെ ബാക്കി പലകകളിൽ രണ്ടു കൈകളും അമർത്തി അകത്തേക്കു തള്ളി.
അനായാസം അത് ഒരു വാതിലായി അപ്പുറത്തേക്കു തുറക്കപ്പെട്ടു. അതുവഴി തണുത്ത വായു അവിടേക്ക് അടിച്ചുവന്നു.
അലിയാർ അവിടേക്ക് ഒരു ടോർച്ചു മിന്നിച്ചു.
ഏതാണ്ട് നാലുപേർക്ക് ഒരേസമയം നടന്നുപോകുവാൻ കഴിയുന്നത്ര വലിയ തുരങ്കം...
നിലവറയിൽ നിന്നും പുറത്തേക്കും ഏതാണ്ട് ഇതേ മാതൃകയിലുള്ള തുരങ്കമാണു കണ്ടെത്തിയതെന്ന് അലിയാർ ഓർത്തു. എന്നാൽ ഇപ്പോൾ അത് പാറകൾ അടർന്നുവീണ് ഏകദേശം അടഞ്ഞ നിലയിലാണ്.
എന്നാൽ ഇവിടം ശൂന്യമാണ്. തുരങ്കത്തിലെ ഇരുട്ടിലൂടെ ടോർച്ചിന്റെ വെളിച്ചം നീണ്ടുപോയി.
അവിശ്വസനീയ ഭാവത്തിൽ നിൽക്കുകയാണ് എസ്.പി ഷാജഹാനും പോലീസുകാരും.
''സാർ... ഞാൻ ഇതിൽക്കൂടി ഒന്നു പോകുകയാണ്. ഇതിന്റെ അവസാനം എവിടെയായിരിക്കുമെന്ന് എനിക്കൊരു ധാരണയുണ്ട്."
അലിയാർ തിരിഞ്ഞ് ഷാജഹാനെ നോക്കി.
''എങ്കിൽ ഞാനും വരുന്നെടോ. ചില പുസ്തകങ്ങളിലും പിന്നെ സിനിമകളിലും ഒക്കെയേ ഇത്തരം തുരങ്കങ്ങളെക്കുറിച്ചു ഞാൻ കേട്ടിട്ടുള്ളു."
''വാതിൽ അടച്ചിട്ടും കോവിലകത്തിനുള്ളിലേക്ക് ആളുകൾ വരികയും പോകുകയും ചെയ്തിരുന്നത് ഈ വഴിയാണ്. അതിനാൽ കുറേപ്പേർ പ്രേതങ്ങളെന്നു വിശ്വസിച്ചു."
ഒന്നു നിർത്തി ഷാജഹാൻ തുടർന്നു.
''അതിന് അവരെയും കുറ്റം പറയാൻ കഴിയില്ല. അത്രയ്ക്ക് കണക്കുകൂട്ടലോടെ ആയിരുന്നല്ലോ ഇതിന്റെ നിർമ്മിതിയും."
പെട്ടെന്നു ചില ചാനൽ പ്രതിനിധികൾ മുറിയിലേക്കു കയറിവന്നു.
''സാർ... ഞങ്ങളെക്കൂടി അകത്തേക്കു കൊണ്ടുപോകണം."
മറുപടി നൽകിയത് അലിയാരാണ്.
''സോറി ഫ്രണ്ട്. ഇപ്പോൾ പറ്റില്ല. പക്ഷേ ഞങ്ങൾ മടങ്ങിവന്നശേഷം തീർച്ചയായും നിങ്ങൾക്ക് അവസരം തരാം. ഇപ്പോൾ ഈ ഗുഹ എവിടെയാണ് അവസാനിക്കുന്നതെന്നോ ഇതിനുള്ളിൽ എന്തൊക്കെ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നോ പ്രവചിക്കാൻ സാദ്ധ്യമല്ല."
അലിയാർ, എസ്.പിക്കു നേരെ തിരിഞ്ഞു.
''സാർ... പ്ളീസ് കം."
ഹെഡ് ലൈറ്റുകളും മറ്റും സജ്ജമാക്കി എസ്.പി, സി.ഐ, പിന്നെ രണ്ടു പോലീസുകാർ എന്നിവർ തുരങ്കത്തിലേക്കിറങ്ങി.
മറ്റുള്ളവരെ അവിടെ കാവൽ നിർത്തി.
സ്ഥിരമായി സഞ്ചാരം ഉള്ളതുപോലെയായിരുന്നു ഗുഹയുടെ അടിത്തട്ട്. പാറ തുരന്നതും കല്ലുകൾ അടുക്കിയതുമായ ഭിത്തികളും മേൽത്തട്ടും.
ചിലയിടങ്ങളിൽ നനവിന്റെ ചാലുകളുണ്ട്.
മുന്നോട്ടുപോകുന്തോറും നേരത്തെ കേട്ട ഹുങ്കാരം വർദ്ധിച്ചുകൊണ്ടിരുന്നു.
ഗുഹയിൽ ചില ഭാഗങ്ങളിൽ താഴേക്കുള്ള കൽപ്പടവുകളും ചിലപ്പോൾ മുകളിലേക്കുള്ളതും കണ്ടു.
''അതെന്താ?"
ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഷാജഹാൻ കൈചൂണ്ടി.
എല്ലാവരും സൂക്ഷിച്ചുനോക്കി.
ഒരു കറുത്ത സാധനം! അത് വളഞ്ഞു നിൽക്കുന്നു...
''കരിന്തേളാ." അലിയാർ പറഞ്ഞു.
''അതിന്റെ കാലുകൾ കണ്ടോ. ഞണ്ടിന്റേതുപോലെ.. വളച്ചുനിർത്തിയിരിക്കുന്ന വാൽ നോക്കിയാൽ അറിയാം അത് ആക്രമണ സജ്ജമാണെന്ന്. ആ വാൽ കൊണ്ട് ഒരു കുത്തുകുട്ടിയാൽ.. ബുള്ളറ്റ് തുളഞ്ഞിറങ്ങുന്നതുപോലിരിക്കും."
അലിയാർ പറയുന്നതിനിടയിൽ കാൽകൊണ്ട് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി.
തേൾ മെല്ലെ ഒരു കല്ലിന്റെ ഇടുക്കിലേക്കു കയറി മറഞ്ഞു.
''ഭൂമിയുടെ കിടപ്പനുസ്സരിച്ചാണ് ഈ തുരങ്കത്തിന്റെ നിർമ്മാണവും." ഷാജഹാൻ പറഞ്ഞു.
വീണ്ടും അവർ നടന്നു.
തുരങ്കം അവസാനിക്കുന്നില്ല.
തുരങ്കത്തിനു വീണ്ടും ശബ്ദം വർദ്ധിച്ചു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു. അകലെ വെളിച്ചം ഒരു ചതുരക്കഷണമായി കണ്ടു.
നമ്മൾ എത്താറായി സാർ... അലിയാർ സന്തോഷത്തോടെ പറഞ്ഞു.
അതോടെ എല്ലാവരുടെയും കാലുകൾക്കു വേഗതയേറി.
അവസാനം അവർ തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തി.
അതിനപ്പുറം എന്തെന്നു കാണുവാൻ കഴിയുമായിരുന്നില്ല... ചില കണ്ണാടിയിലെ പ്രതിബിംബം പോലെയായിരുന്നു അത്....
ഒരു തടയണയ്ക്കു മുകളിലൂടെ വെള്ളം കവിഞ്ഞു മറിയുന്നതുപോലെ ഗുഹയുടെ മുഖത്തെ മറച്ചുകൊണ്ട് വെള്ളം ശക്തിയിൽ വീണുകൊണ്ടിരുന്നു...
''ഇതിന്റെ നിർമ്മാണം അപാരം തന്നെ. അപ്പുറത്തുനിന്നു നോക്കിയാൽ ഗുഹാമുഖം കാണാനേ കഴിയാത്ത തരത്തിൽ...." ഷാജഹാൻ അത്ഭുതം കൂറി.
''എന്നാലും ഇത് എവിടെയായിരിക്കും?"
''ആഢ്യൻപാറ."
അലിയാർ മന്ത്രിച്ചു.
(തുടരും)