പെരിന്തൽമണ്ണ:ഓട്ടോറിക്ഷയിൽ കയറിയ വനിതാ കമ്മിഷനംഗത്തോട് ആക്രോശിച്ച ഡ്രൈവർക്ക് കമ്മിഷൻ പണികൊടുത്തു. ഇന്നലെ രാവിലെ ആറരയോടെ രാജ്യറാണി എക്സ്‌പ്രസിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ വനിതാകമ്മിഷനംഗം ഷാഹിദ കമാൽ രണ്ട് കിലോമീറ്റർ അപ്പുറമുള്ള റസ്റ്റ് ഹൗസിലേക്ക് പോവാൻ ഓട്ടോയിൽ കയറിയപ്പോഴാണ് ചെറിയദൂരം പോവാൻ വിസമ്മതിച്ച് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാഹിദ കമാൽ. ക്യൂ നിന്ന് ഓട്ടോയിൽ കയറിയ ഷാഹിദ കമാൽ റെസ്റ്റ്ഹൗസിലേക്ക് പോവാൻ പറഞ്ഞതോടെ സ്റ്റേഷനിലെ സ്ഥിരം ഓട്ടോക്കാരൻ സ്ഥലം അറിയില്ലെന്ന് ധാർഷ്ട്യത്തോടെ പറഞ്ഞു. അതവഗണിച്ച് ഷാഹിദ കമാൽ ഓട്ടോയിൽ കയറിയെങ്കിലും കുറച്ചുദൂരം പിന്നിട്ടതോടെ ഓട്ടോ നിറുത്തി ഓട്ടം പോകുന്നില്ലെന്നും ഇറങ്ങിപ്പോ എന്നും ആക്രോശിച്ചു. വനിതാ കമ്മിഷൻ അംഗമാണെന്ന് പറഞ്ഞിട്ടും ഓട്ടോക്കാരന്റെ മട്ടുമാറിയില്ല. പെരിന്തൽമണ്ണ സി.ഐയെ വിളിച്ച് ഓട്ടോയുടെ നമ്പർ നൽകിയതോടെ അബദ്ധം മനസിലാക്കിയ ഡ്രൈവർ ഭവ്യതയോടെ മാഡമെന്നായി വിളി. പിന്നെ വിസമ്മതമൊന്നും ഇല്ലാതെ ഷാഹിദ കമാലിനെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ഓട്ടോക്കൂലി വാങ്ങാൻ വിസമ്മതിച്ചെങ്കിലും ഷാഹിദ കമാൽ നൽകി. ഓട്ടോഡ്രൈവർ വീണ്ടും ഗസ്റ്റ് ഹൗസിൽ ക്ഷമ പറയാൻ എത്തിയെങ്കിലും ഷാഹിദ കമാൽ വഴങ്ങിയില്ല.
ഇന്ന് മലപ്പുറത്ത് നടക്കുന്ന വനിതാ കമ്മിഷൻ സിറ്റിംഗിൽ ഓട്ടോറിക്ഷയുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസിൽ പരാതിയും നൽകി. ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ ആർ.ടി.ഒയ്‌ക്ക് നിർദ്ദേശം നൽകും. വനിതാ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വനിതാകമ്മിഷൻ അംഗമായ തനിക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എന്തായിരിക്കും അനുഭവമെന്നും ഷാഹിദ കമാൽ ചോദിച്ചു.