ടെഹ്റാൻ: ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം അൽ സുലൈമാനിയുടെ വധത്തിന് പ്രതികാരമായി അമേരിക്കയ്ക്ക് ഏതുവിധേനയുമുള്ള തിരിച്ചടി നൽകുമെന്ന വാശിയിലാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഇറാക്കിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ നിരവധി തവണ മിസൈലാക്രമണം ഇറാൻ നടത്തിയിരുന്നു. ഖുദ്സ് വിഭാഗത്തിന്റെ പുതിയ തലവനായി ഇസ്മയിൽ ഖാനി അധികാരം ഏറ്റെടുത്തതോടെ അമേരിക്കയ്ക്കെതിരെയുള്ള ആക്രമണം ശക്തമാക്കാൻ അണിയറയിൽ പദ്ധതി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കയ്ക്ക് തിരിച്ചടി നൽകാൻ ഇറാൻ ഹാക്കർമാരെ ഉപയോഗിച്ച് സൈബർ ആക്രമണത്തിലേക്ക് തിരിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് മൂന്ന് മില്യന്റെ ക്വട്ടേഷനും നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുമുണ്ട്. സുലൈമാനിയുടെ ജന്മനാട്ടിൽ നിന്നുമാണ് ട്രംപിന് ക്വട്ടേഷൻ. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഒരു പ്രോക്സി വാറിനാണ് ഇറാൻ പദ്ധതിയിടുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സൈബർ ആക്രമണം
തിരിച്ചടി നൽകാൻ പുത്തൻ സാങ്കേതിക വിദ്യകൾ ഇറാൻ തിരഞ്ഞെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു സൈബർ ആക്രമണത്തിലൂടെ അമേരിക്കയുടെ സുരക്ഷ കേന്ദ്രങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിനൊപ്പം അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനികളിലും ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2011നും 2013നും ഇടയിൽ ഇറാൻ അമേരിക്കൻ ബാങ്കുകളെ ലക്ഷ്യമിട്ടിരുന്നു. ജെപി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, ക്യാപിറ്റൽ വൺ എന്നീ ബാങ്കുകളാണ് അന്ന് ഹാക്ക് ചെയ്യപ്പെട്ടത്. വമ്പൻ ധനനഷ്ടമാണ് അന്ന് അമേരിക്കയ്ക്കുണ്ടായത്. 2018ലെ സൈബർ ആക്രമണത്തിൽ അറ്റ്‌ലാന്റ നഗരം നിശ്ചലമായിരുന്നു.
ട്രംപിന്റെ തലയ്ക്ക് മൂന്ന് മില്യണിന്റെ ക്വട്ടേഷൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തല കൊയ്യാതെ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് പ്രതികാരമാവില്ലെന്ന നിലപാടിലാണ് ഇറാൻ. ട്രംപിന്റെ തല കൊയ്യുന്നവർക്ക് മൂന്ന് മില്യൺ ഡോളർ പാരിതോഷികമായി നൽകുമെന്നാണ് ഇറാനിയൻ നേതാവ് ഇന്നലെ പ്രഖ്യാപിച്ചത്. അഹമദ് ഹംസ എന്ന നേതാവ് സുലൈമാനിയുടെ ജന്മദേശമായ കെർമനിലെ ജനതയുടെ സാന്നിദ്ധ്യത്തിലാണ് ട്രംപിന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഐ.എ.എൻ.എസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാന്റെ സ്വയരക്ഷയ്ക്ക് ആണവായുധം വികസിപ്പിച്ചെടുക്കണമെന്നും ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ആണവായുധം ഉപയോഗിച്ചുള്ള യുദ്ധത്തിന് തയ്യാറാവണമെന്നും അഹമദ് ഹംസ വ്യക്തമാക്കി.
പ്രോക്സി വാറുമായി ഇറാൻ
ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ പ്രകാരം ഒരു പ്രോക്സി വാറിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഹൂദികളുടെ ആക്രമണം ഇതിന്റെ ഒരു തുടക്കം മാത്രമാണ്. ഇറാന് നേരെ ഒരു ആക്രമണം ഉണ്ടായാൽ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സൗദിക്കെതിരെ പ്രോക്‌സി വാറിന് ഇറാൻ സജ്ജമായിരുന്നു. എന്നാൽ പോരാട്ടത്തിനില്ലെന്ന നിലപാടിലാണ് സൗദി. നേരത്തെ സൗദിക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തിൽ വലിയ നഷ്ടം അവർക്കുണ്ടായിരുന്നു. അതേസമയം, സൗദി യെമനിലെ സൈനിക നടപടികളും കുറച്ചിരിക്കുകയാണ്. വിമതരായ ഹൂദികൾക്ക് യെമനിലെ ഭരണത്തിൽ വലിയ റോളുണ്ടാവുമെന്നും സൗദിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. അതേസമയം വികസന പാതയിലുള്ള നേട്ടം സ്വപ്‌നം കാണുന്ന സൗദിക്ക് ഇറാനെ പിണക്കുന്നത് നഷ്ടം മാത്രമാണ് വരുത്തുക.