കാട്ടാക്കട : കാടിനെകുറിച്ചും വന്യമൃഗങ്ങളെകുറിച്ചും എം.എൽ.എമാരെ ബോധവാൻമാരാക്കുന്നതിനായി വനം വകുപ്പ് സംഘടിപ്പിച്ച കാടറിയാൻ എന്ന പരിപാടി കഴിഞ്ഞ ദിവസം കാട്ടാക്കടയിലും നെയ്യാറിലുമായി നടന്നു. തുടർന്ന് ഇവിടെ നിന്നും വനം മന്ത്രിയുടെ നേതൃത്വത്തിൽ നെയ്യാർ ഡാം ചീങ്കണ്ണി പാർക്ക്, മാൻ പാർക്ക്, ലയൺ സഫാരിപാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് സംഘം മടങ്ങിയത്. കെ. കുഞ്ഞിരാമൻ, ഇ.കെ. വിജയൻ, കെ. ദാസൻ, റസാഖ്, എം.രാജഗോപാൽ, പി.സി.ജോർജ്, കെ.ജെ.മാക്സി, ജി.എസ്.ജയലാൽ, പി.അയിഷാപോറ്റി, കെ.ഡി.പ്രസേനൻ, കെ.എസ്.ശബരീനാഥൻ എന്നിവരടങ്ങിയ സംഘമാണ് കാടറിയാൻ പദ്ധതിയുടെ ഭാഗമായി ഇവിടെ എത്തിയത്.
സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനയാത്രപോലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചാണ് എം.എൽ.എമാരുടെ സംഘവും പരിപാടിയിൽ പങ്കെടുത്തത്. നെയ്യാറിലെ ലയൺപാർക്കിലെത്തിയപ്പോൾ ഗുജറാത്തിൽ നിന്നും എത്തിച്ച സിംഹത്തെ തുറന്ന് വിടട്ടെയെന്ന് തമാശയായി പി.സി.ജോർജിനോട് വനം മന്ത്രി ചോദിച്ചു. എന്നാൽ സിംഹമല്ല, എന്തുവന്നാലും ഒരുകൈ നോക്കാമെന്നായി പൂഞ്ഞാറിലെ സിംഹം എന്ന് ആരാധകർ വിളിക്കുന്ന പി.സി.ജോർജ്. എന്നാൽ ഗുജറാത്തിൽ നിന്നും എത്തിയ സിംഹമായതിനാൽ മോദിയുടെ സ്വഭാവമാണോ സിംഹത്തിനുള്ളതെന്ന സംശയം പി.സി.ജോർജ് തുറന്ന് പറഞ്ഞത് സംഘത്തിൽ ചിരി പടർത്തി.
എം.എൽ.എമാരെ കണ്ട് ചീങ്കണ്ണികൾ മുങ്ങി
നെയ്യാറിൽ മാൻ പാർക്കിന് സമീപത്തെ ചീങ്കണ്ണിക്കുളത്തിന് അടുത്തും എം.എൽ.എമാർ ഇറങ്ങി ചെന്നു.ഒൻപതോളം ചീങ്കണ്ണികളാണ് ഇവിടെയുള്ളത്. എന്നാൽ വെള്ളത്തിനടിയിൽ തന്നെ ഒളിച്ച ചീങ്കണ്ണികൾ ഒന്നുപോലും മുകളിലേക്ക് എത്തിയില്ല. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.കെ കേശവൻ ചീങ്കണ്ണികൾ വെള്ളത്തിന് അടിയിലാണെന്ന് ഉറപ്പ് വരുത്തി റിസ്‌ക് ഒഴിവാക്കിയ ശേഷമാണ് വിശിഷ്ടാതിഥികളെ ഇവിടേയ്ക്ക് ആനയിച്ചത്. നെയ്യാറിലെ ലയൺ സഫാരിക്കു ശേഷം റിസർവോയറിൽ ബോട്ടിങ്ങും നടത്തിയാണ് സംഘം പിരിഞ്ഞത്. 50 എംഎൽഎമാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയത് 10 പേർ മാത്രമായിരുന്നു.