തിരുവനന്തപുരം : മാറ്റത്തിന്റെ ചൂളം വിളിയിൽ മുഖം തിരിച്ചു നിൽക്കാതെ ഇന്ത്യൻ റെയിൽവേ നിരവധി പരിഷ്‌കാരങ്ങളാണ് അടുത്തിടെ കൊണ്ടുവന്നത്. വൃത്തിയിലും, സേവനത്തിലും ഏറെ പഴികൾ കേട്ടിരുന്ന ഇന്ത്യൻ റെയിൽവേ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ട്രെയിൻ സർവീസുകൾ അടുത്തിടെ ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് വിമാനത്തിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രീമിയർ സർവീസുകളും ഇക്കൂട്ടത്തിൽ തുടങ്ങിയിരുന്നു. റെയിൽവേയിലെ ഉദ്യോഗസ്ഥർക്ക് പ്രൊഫഷണൽ ലുക്ക് നൽകുന്ന ഒരു തീരുമാനം കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് റെയിൽവേ. ഇതിന്റെ ഭാഗമായി ടിക്കറ്റ് പരിശോധകർക്ക് പുത്തൻ ഡ്രസ് കോഡ് ഏർപ്പെടുത്തിയിരിക്കുകയാണ്.
മുംബയിലാണ് ഇത്തരത്തിലുള്ള പരിഷ്‌കാരം ആദ്യം ഏർപ്പെടുത്തിയത്, മുംബയ്ക്ക് ശേഷം ഡ്രസ് കോഡ് പരിഷ്‌കാരം അടുത്തതായി നടപ്പിലാക്കാൻ ഒരുങ്ങുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്.
ഇപ്പോൾ കറുത്ത കോട്ടാണ് ടിക്കറ്റ് പരിശോധകരുടെ വേഷം. ഇതിൽ നിന്നും നേവി ബ്ളൂവിലേക്കാണ് പുതിയ മാറ്റം. നേവി ബ്ലൂ പാന്റ്സും വെള്ള ഷർട്ടുമാണ് പുതിയ വേഷം, നിലവിലെ ചുവന്ന ടൈയുടെ നിറം നീല ടൈയാക്കുമ്പോൾ കറുത്ത ബെൽറ്റിനും ഷൂവിനും നിറ വ്യത്യാസമുണ്ടാവില്ല.