kamal

കൊച്ചി: പൗരത്വ നിയമ ഭേദഗതിയിൽ സൂപ്പർ സ്റ്റാറുകൾ തുടരുന്ന മൗനത്തിനെതിരെ സംവിധായകൻ കമൽ രംഗത്തെത്തി. മുതി‌ന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്ന് കമൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ,​ നിസംഗതയോ ആകാം സൂപ്പ‌ർ സ്റ്റാറുകളുടെ മൗനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നിശബ്ദത പാലിക്കുന്നവ‌ക്ക് കാലം മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മാത്രമല്ല താൻ പറയുന്നതെന്നും, മറ്റു പല വിഷയങ്ങൾ വന്നപ്പോഴും ഇതേ നിശബ്ദതയാണ് സൂപ്പർ സ്റ്റാറുകൾ പിന്തുടർന്നതെന്നും കമൽ പറഞ്ഞു. താരങ്ങളുടെ മൗനത്തിൽ ശക്തമായ പ്രതിഷേധമുണ്ട്. സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന രീതിയിൽ സമൂഹത്തോട് കലാകാരന്മാർക്ക് ഒരുപാട് പ്രതിബദ്ധതയുണ്ടെന്നും കമൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്യഭാഷയിലെ പല പ്രമുഖ താരങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു. പലരും പ്രത്യക്ഷ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ പലരും വിഷയത്തിൽ പ്രതികരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ള.