jeff-bezos

ന്യൂഡൽഹി / മുംബയ് : ആമസോൺ കമ്പനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദർശനം അടുത്തകാലത്തൊന്നും മറക്കാൻ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങൾ പരവതാനി വിരിച്ച് സ്വീകരിക്കാൻ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനത്തിന് കേന്ദ്ര സർക്കാർ വലിയ പരിഗണനയൊന്നും നൽകിയിരുന്നില്ല. ഇന്ത്യൻ പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. ആമസോൺ ഓൺലൈൻ ഉയർത്തുന്ന വ്യാപാര ഭീഷണിയിൽ ഇന്ത്യൻ വ്യാപാരികൾക്കുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതല്ല ജെഫ് ബെസോസിന്റെ കീഴിലുള്ള വാഷിംഗ്ടൺ പോസ്റ്റ് ഇന്ത്യൻ സർക്കാരിനെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതാണ് നരേന്ദ്ര മോദിയെ മുഖം തിരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

സർക്കാർ തലത്തിൽ ചലനമുണ്ടാക്കിയില്ലെങ്കിലും ആമസോണിനു കീഴിലുള്ള ഓൺലൈൻ സിനിമ സ്ട്രീമിംഗ് ചാനലായ ആമസോൺ പ്രൈംമിനുവേണ്ടി മുംബയിൽ താരനിബിഢമായ ഒരു ചടങ്ങും ജെഫ് ബെസോസ് ഒരുക്കിയിരുന്നു. ഷാരൂഖ് ഖാനായിരുന്നു ഈ പരിപാടിയുടെ ആങ്കറായി എത്തിയത്. ഈ പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. പരിപാടിക്കിടെ ജെഫ് ബെസോസ് ഷാരൂഖാനുമായി വേദിയുടെ പിന്നിൽ വച്ച് സംസാരിച്ചുവെന്നും വളരെ എളിമയുള്ള ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞു, എന്നാൽ ഇതിനു ഷാരൂഖ് സ്വയം ട്രോളിയാണ് മറുപടി നൽകിയത്. എളിമയുടെ കാരണം അടുത്തിടെ പുറത്തിറങ്ങിയ തന്റെ ഏതാനും ചിത്രങ്ങൾ അത്ര മികച്ച വിജയം നേടാത്തതാണ്... ഇതു കേട്ട് വേദിയിലും സദസിലുമുള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയും ജെഫ് ബെസോസ് കുടിച്ചവെള്ളം പുറത്തുവരുന്നതും വീഡിയോയിലുണ്ട്. അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ചിത്രങ്ങൾ ബോക്‌സോഫീസിൽ ചലനമുണ്ടാക്കിയിരുന്നില്ല ഇതുവച്ചാണ് സ്വയം ട്രോളാനായി ഷാരൂഖ് തയ്യാറായത്. ജെഫ് ബെസോസും ഷാരൂഖും തമ്മിലുള്ള സംഭാഷണം ഇപ്പോൾ വൈറലായിരിക്കുകയാണ്.

View this post on Instagram

Lots of fun on stage with @iamsrk and @zoieakhtar.

A post shared by Jeff Bezos (@jeffbezos) on