vvv
വ്യോമ മിത്ര;ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ റോബോട്ട്

ബംഗളുരു: ഇവൾ മനുഷ്യ സ്ത്രീയല്ല. പക്ഷേ, സംസാരിക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറയും. അത്യാവശ്യം ഒരു ചർച്ച വേണമെങ്കിലും നടത്തും. മറ്റ് മനുഷ്യരെ തിരിച്ചറിയും. ഒരു ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെയ്യുന്നതെല്ലാം ചെയ്യും.

- ഇവളാണ് വ്യോമ മിത്ര. ഇന്ത്യ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന മനുഷ്യ റോബോട്ട് - ഹ്യൂമനോയ്ഡ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാനിൽ സ്‌ത്രീകളെ അയയ്‌ക്കുന്നില്ലെങ്കിലും അതിന് മുന്നോടിയായി അയയ്‌ക്കുന്ന മനുഷ്യ റോബോട്ട് ( ഹ്യൂമനോയ്ഡ് ) പെണ്ണാണ്. മനുഷ്യ സഞ്ചാരികളുമായി ഗഗൻയാൻ കുതിക്കുന്നതിന് മുമ്പ് രണ്ട് പരീക്ഷണ പേടകങ്ങൾ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ച് ഭൂമിയിൽ ഇറക്കാനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. ഈ രണ്ട് പേടകങ്ങളിലും വ്യോമ മിത്രയെ അയയ്‌ക്കും. മനുഷ്യ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ പെൺ ഹ്യൂമനോയിഡിന്റെ പ്രധാന ദൗത്യം.

ഇത് മനുഷ്യനെ പോലെ തന്നെയുള്ള റോബോട്ട് ആയിരിക്കുമെന്നും മനുഷ്യന് ചെയ്യാവുന്ന മിക്ക പ്രവ‌ൃത്തികളും ഹ്യൂമനോയ്ഡിനും കഴിയുമെന്ന് ഐ. എസ്. ആർ . ഒ ചെയർമാൻ ഡോ. കെ. ശിവൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ബഹിരാകാശ ശക്തികളായ മറ്റ് രാഷ്‌ട്രങ്ങളൊന്നും കന്നി ദൗത്യത്തിൽ ഹ്യൂമനോയിഡിനെ അയച്ചിട്ടില്ല.

വ്യോമ മിത്രയെ ഇന്നലെ ബംഗളുരുവിലെ ഐ. എസ്. ആർ. ഒ കേന്ദ്രത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ''ഹി, അയാം വ്യോമ മിത്ര. ദ ഫസ്റ്റ് പ്രോട്ടോ ടൈപ്പ് ഓഫ് ഹാഫ് ഹ്യൂമനോയ്ഡ്'' എന്ന് മാദ്ധ്യമപ്രവർത്തകരെ സ്വയം പരിചയപ്പെടുത്തി.

വ്യോമമിത്ര

കാലുകൾ ഇല്ലാത്തതിനാൽ അർദ്ധ ഹ്യൂമനോയിഡാണ്.;നടക്കാൻ കഴിയില്ല

മുന്നോട്ട് കുനിയാനും വശങ്ങളിലേക്ക് ചരിയാനും കഴിയും

ബഹിരാകാശത്ത് ചില പരീക്ഷണങ്ങൾ സ്വയം നടത്തും

സദാ ഭൂമിയിലെ കമാൻഡ് സെന്ററുമായി ബന്ധം പുലർത്തും

ശാസ്‌ത്രജ്ഞരുമായി ആശയ വിനിമയം നടത്തും