ranjan-gogoi

ന്യൂഡൽഹി: മുൻചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനർനിയമനം നൽകി സുപ്രീം കോടതി. ലൈംഗിക ആരോപണത്തെതുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകിയാണ് ജോലിയിൽ പുനർനിയമിച്ചത്. ഇതേതുടർന്ന് യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയതായും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

2018 ഏപ്രിൽ 20നാണ് ജസ്റ്റിസ് ഗോഗോയ്‌ക്കെതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നൽകുന്നത്. ആരോപണത്തെ തുടർന്ന് ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദിര ബാനർജി, രമണ എന്നിവരടങ്ങിയ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. പാനലിന്റെ അന്വേഷണത്തിൽ സംശയമുണ്ടെന്ന യുവതിയുടെ പരാതിയെ തുടർന്ന് ജസ്റ്റിസ് രമണയെ മാറ്റി പകരം ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തി. മേയ് ആറിന് അന്വേഷണം നടത്തി ഇൻഹൗസ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണത്തെ തുട‌ർന്ന് ജസ്റ്റിസ് ഗൊഗോയിക്ക് സമിതി ക്ലീൻചിറ്റ് നൽകിയിരുന്നു. ആരോപണങ്ങളിൽ കഴമ്പില്ല എന്നു കാട്ടിയായിരുന്നു നടപടി.

അതേസമയം കേസിന്റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിനെ തുടർന്ന് ഡൽഹി പൊലീസിൽ നിന്നും പിരിച്ചുവിട്ട ഭർത്താവിനെയും ബന്ധുവിനെയും ജോലിയിൽ തിരിച്ചെടുത്തെന്നും റിപ്പോർട്ടുണ്ട്.