ബെയ്ജിംഗ്: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗം ലോകരാജ്യങ്ങളെ മുൾമുനയിൽ നിറുത്തി പടരുകയാണ്. തായ്ലൻഡ്. ഫിലിപ്പൈൻസ്, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ ആസ്ട്രേലിയ എന്നീ രാജ്യങ്ങളെ കൂടാതെ അമേരിക്കയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി.
അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന മുപ്പത് വയസുകാരനാണ് വൈറസ് ബാധിച്ചത്.
കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ജനുവരി 15നാണ് ഇയാൾ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മാദ്ധ്യമങ്ങളിൽ വന്ന വൈറസ് ബാധയുടെ വാർത്തകൾ ശ്രദ്ധയിൽ പെട്ടതോടെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുകയായിരുന്നു. ഇയാൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
മരണം കൂടുന്നു
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത് 440 പേർക്കാണ്. 2197 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങളെല്ലാം ജാഗ്രതയിലാണ്. കേരളത്തിലും കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.
സാർസ്, മെർസ് എന്നീ രോഗങ്ങൾക്കും കാരണക്കാരനായ ഭീകരനാണ് കൊറോണ വൈറസ്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന വ്യവസ്ഥയെ തകർക്കും.
നിക്‌ടെറിസ് വവ്വാലാണ് പ്രധാന വാഹകർ. ഇവയിൽ നിന്ന് ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നു.
നിപ വൈറസ് പോലെ കൊറോണയ്ക്കും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.