
ലാഹോർ : എന്തിനും ഏതിനും ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്വന്തം ഭരണപരാജയത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കുവാനായിട്ടാണ് അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തൽ ഒരു ശീലമാക്കിയിരിക്കുന്നത്. അടുത്തിടെ പാകിസ്ഥാനിൽ സത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിനും കാരണം ഇന്ത്യയാണെന്ന തരത്തിൽ ഇമ്രാൻ പ്രസംഗിച്ചു . പാകിസ്ഥാനികൾ ബോളിവുഡ് ചിത്രങ്ങൾ കാണുന്നതിനാലാണ് രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും, പീഡനങ്ങളും വർദ്ധിക്കുന്നതെന്നാണ് ഇമ്രാന്റെ കണ്ടുപിടിത്തം. രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗം വർദ്ധിച്ചതാണ് ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങൾ ജനം കാണാൻ കാരണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അശ്ളീല വീഡിയോയും ചിത്രങ്ങളും കാണുന്നത് ശീലമാക്കിയവരുടെ എണ്ണം പാകിസ്ഥാനിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂളുകൾക്കുള്ളിൽ പോലും മയക്കുമരുന്ന് സുലഭമായി ലഭിക്കുന്നുവെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തുന്നു.
കാശ്മീരിൽ ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങളും, പൗരത്വ ഭേദഗതി നിയമവുമെല്ലാം സ്വന്തം സർക്കാരിന്റെ പരാജയം മറച്ചു വയ്ക്കാനായി ഇന്ത്യയ്‌ക്കെതിരെ ജനവികാരം തിരിച്ചുവിടുന്നതിനായി ഇമ്രാൻ ഖാൻ ഉപയോഗിച്ചിരുന്നു. ചൈനയുടെ പിന്തുണയോടെ കാശ്മീർ പ്രശ്‌നം ഐക്യരാഷ്ട്ര സഭയിലടക്കം ഉന്നയിച്ച് ശ്രദ്ധനേടാൻ പലതവണ പാകിസ്ഥാൻ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം.