governor-

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഗവർണർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് രേഖാമൂലം സ്പീക്കറെ എഴുതി അറിയിക്കണമെന്നാണ് ചട്ടമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണഘടനയുടെ അനുച്ഛേദം 175 (2) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമല്ല. എന്നാൽ നിയമസഭ പാസാക്കുന്ന ഏതെങ്കിലും ബില്ലിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് സ്പീക്കറെയാണ് രേഖാമൂലം അറിയിക്കേണ്ടത്. ഇതുവരെയും തന്നെ ഇപ്രകാരം എഴുതി അറിയിച്ചിട്ടില്ല. അതിനാൽ ഇപ്പോഴുണ്ടായ വിവാദങ്ങളിൽ ചട്ടം ആദ്യം ലംഘിച്ചിരിക്കുന്നത് ഗവർണറാണെന്നും സ്പീക്കർ തുറന്നടിച്ചു. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്‌ട്രൈറ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിലാണ് സ്പീക്കർ തുറന്നടിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാർ നടപടിയെയും ഗവർണർ വിമർശിച്ചിരുന്നു. തന്റെ അനുമതി തേടാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് ഗവർണർ വിമർശനം ഉന്നയിച്ചത്. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭ ചേരുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സർക്കാരിന്റെ നയപ്രസംഗം നടത്തുവാനായി ഗവർണർ നിയമ സഭയിൽ എത്തേണ്ടതുണ്ട്. എന്നാൽ ഇതിന് മുന്നോടിയായി സ്പീക്കർ ഗവർണർക്കെതിരെ തുറന്നടിച്ചത് വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുമെന്ന് ഉറപ്പാണ്. സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഞായറാഴ്ച രാത്രി 9.30 കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യും.