അഹമ്മദാബാദ് /ന്യൂഡൽഹി: വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്റർപോളിന്റെ നടപടി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. അഹമ്മദാബാദിലെ ആശ്രമത്തിൽ പെൺകുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഗുജറാത്ത് പൊലീസ് കേസെടുത്തതോടെ നിത്യാനന്ദ രാജ്യംവിട്ടിരുന്നു.
എവിടെയാണെന്ന് അറിയില്ലെങ്കിലും നിത്യാനന്ദയുടെ പ്രഭാഷണ വീഡിയോകൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ, ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയിൽ തന്നെ ആർക്കും തൊടാനാകില്ലെന്നായിരുന്നു നിത്യാനന്ദയുടെ അവകാശവാദം. ഇതിനിടെ, ഇക്വഡോറിൽ കൈലാസം എന്ന പേരിൽ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്‌സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാൽ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നും അയാൾ ഹെയ്തിയിലേക്ക് പോയിരിക്കാമെന്നും ഇക്വഡോർ എംബസി അറിയിച്ചിരുന്നു.