തിരുവനന്തപുരം : നേപ്പാളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കേരളത്തിൽ എത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാനാവില്ലെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു.. തുടർന്നാണ് മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും ഓഫീസ് അറിയിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള അനുമതി ലഭിക്കാത്തതാണ് സാമ്പത്തിക സഹായം ചെയ്യാൻ എംബസി അധികൃതർക്ക് സാധിക്കാത്തത്. എംബസി ഉദ്യോഗസ്ഥർ എയർ ഇന്ത്യ അധികൃതരുമായി ചർച്ച നടത്തുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി
മൃതദേഹത്തോട് വലിയ അനാദരവാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാർ സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മരിച്ച എട്ടുമലയാളികളുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം. കാഠ്മണ്ഡുവിലെ ത്രിഭൂവൻ സർവകലാശാല ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്.
വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടു പേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും.