prosbh

ചങ്ങനാശേരി: പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ കാത്തു നിന്ന് ബ്ളേഡുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പൊട്ടശേരി പനംപാതിക്കൽ സിനിയെയാണ് (35) ഭർത്താവ് പ്രശോഭ് (35) കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ ചങ്ങനാശേരി കടമാഞ്ചിറയിലാണ് സംഭവം. രക്തത്തിൽ കുളിച്ച് റോഡിൽ വീണ സിനിയെ നാട്ടുകാർ ഉടൻ ആശുപത്രയിൽ എത്തിച്ചതിനാൽ രക്ഷിക്കാനായി. സംഭവശേഷം പ്രശോഭ് ഓടി രക്ഷപ്പെട്ടു. ഉച്ചയോടെ മദ്യപിച്ച് ഷാപ്പിൽ നിന്നിറങ്ങി വരുന്നതിനിടെയാണ് പ്രശോഭിനെ തൃക്കൊടിത്താനം സി.ഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ ഓടിച്ചിട്ട് പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കൊടിനാട്ടുകുന്നേൽ അങ്കണവാടിയിലെ ഹെൽപ്പറായ സിനി ജോലിക്ക് പോകുന്ന വഴിയിൽ പ്രശോഭ് കാത്തു നിൽക്കുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സിനിയുടെ കഴുത്തറുത്ത ശേഷം പ്രശോഭ് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ സിനിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രധാന ഞരമ്പിന് മുറിവേറ്റ സിനിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടനില പിന്നിട്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരുടെ മൊഴിയെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീഡിയോഗ്രാഫറായ പ്രശോഭും സിനിയും തമ്മിൽ മാസങ്ങളായി വഴക്കിലായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന പ്രശോഭിന്റെ മർദ്ദനം കാരണം സിനി കുറച്ചുനാൾ മുൻപ് മകളുമായി സ്വന്തം വീട്ടിലേക്ക് പോയി. മകൻ പ്രശോഭിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതേത്തുടർന്ന് പ്രശോഭ് അങ്കണവാടിയിലടക്കം എത്തി പ്രശ്‌നങ്ങളുണ്ടാക്കിയതോടെ സിനി ഇത്തിത്താനം പൊലീസിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. എന്നാൽ ഭാര്യ മറ്റൊരു വിവാഹം കഴിച്ചുവെന്ന് കേട്ടതിനാലാണ് കൊല്ലാൻ ശ്രമിച്ചതെന്നാണ് പ്രശാേഭിന്റെ മൊഴി.