ന്യൂഡൽഹി: പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ആൾദൈവം നിത്യാനന്ദയ്ക്ക് ഇന്റർപോളിന്റെ നോട്ടീസ് കഴിഞ്ഞ വർഷം നാടുവിട്ട 41കാരനായ നിത്യാനന്ദയെ കണ്ടെത്തുന്നതിന് സഹായിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു കൊണ്ടുളളതാണ് നോട്ടീസ്. നിത്യാനന്ദയുമായി ബന്ധപ്പെട്ട വിവരങ്ങൾ നിർബന്ധമായി കൈമാറണമെന്ന് ആവശ്യപ്പെടുന്ന ബ്ലൂ കോർണർ നോട്ടീസാണ് ഇന്റർപോൾ പുറപ്പെടുവിച്ചത്. ഗുജറാത്ത് പൊലീസാണ് നിത്യാനന്ദയെ കണ്ടെത്തുന്നതിന് വേണ്ടി ഇന്റർപോളിന്റെ സഹായം തേടിയത്.
കർണാടകയിലും ഗുജറാത്തിലും ഇയാൾക്കെതിരെ നിരവധികേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗം, തട്ടികൊണ്ടുപോകൽ, നിയമവിരുദ്ധ തടവ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്
2010ൽ ഹിമാചൽ പ്രദേശിൽ വച്ച് നിത്യാനന്ദ അറസ്റ്റിലായിട്ടുണ്ട്. ബലാത്സംഗ കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. നടിയും ഒരുമിച്ചുളള നിത്യാനന്ദയുടെ വീഡിയോയും വലിയ വാർത്തയായിരുന്നു.
ഡിസംബറിൽ നിത്യാനന്ദയുടെ പാസ്‌പോർട്ട് റദ്ദാക്കി, പുതിയ പാസ്‌പോർട്ടിന് നൽകിയ അപേക്ഷ കേന്ദ്രസർക്കാർ തളളുകയും ചെയ്തിരുന്നു. അടുത്തിടെ, ഇക്വഡോറിൽ കൈലാസ എന്ന പേരിൽ ഒരു ദ്വീപ് വാങ്ങിയതായി അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തുവന്നിരുന്നു. എന്നാൽ ഈ അവകാശവാദം ഇക്വഡോർ തളളിയിരുന്നു. നിത്യാനന്ദ ഹെയ്തിയിലേക്ക് കടന്നതായും ഇക്വഡോർ എംബസി വ്യക്തമാക്കിയിട്ടുണ്ട്.