vyomithra

ബംഗളുരു: ബഹിരാകാശത്ത് ഇന്ത്യക്കാരെ അയക്കുന്ന ഐ.എസ്.ആർ.ഒയുടെ 'ഗഗൻയാൻ' ദൗത്യത്തിന്റെ ഭാഗമായി വ്യോമിത്ര എന്ന ഹാഫ് ഹ്യൂമനോയ്ഡ് റോബോട്ട്. 2022ൽ ഗഗൻയാനിലൂടെ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ മുന്നോടിയായാണ് ഐ.എസ്.ആർ.ഒ ഈ 'മനുഷ്യ റോബോട്ടി'നെ ബഹിരാകാശത്ത് അയക്കാൻ തയാറെടുക്കുന്നത്. വ്യോമിത്രയെ ആദ്യം ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് പരീക്ഷണങ്ങൾ നടത്താനാണ് ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നത്. വ്യോമിത്രയെ 'ഹാഫ് ഹ്യൂമനോയ്ഡ്' ഏന്ന് വിളിക്കാനുള്ള കാരണവും വ്യക്തമാണ്. തലയും രണ്ട് കൈകളും ഉടലും ഉണ്ടെങ്കിലും വ്യോമിത്രയ്ക്ക് കാലുകൾ ഇല്ലെന്നതാണ് ഇതിനുള്ള കാരണം.

Meet Vyommitra, the half-humanoid prototype for #Gaganyaan unmanned mission @isro pic.twitter.com/m0Gx3A4Nas

— Sanyukta (@dramadhikari) January 22, 2020

എന്നിരുന്നാലും വ്യോമിത്രയ്ക്ക് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്ന നിരവധി കർമങ്ങൾ വൃത്തിയായി ചെയ്യാൻ സാധിക്കും. സ്വിച്ചുകൾ വേണ്ടസമയത്ത് അമർത്തുക, ബഹിരാകാശ വാഹനത്തിലെ കാർബൺ ഡയോക്‌സൈഡ് അളവിനെ കുറിച്ച് വിവരം നൽകുക. ബഹിരാകാശ യാത്രയിൽ മനുഷ്യ ശരീരത്തിൽ സംഭവിക്കാൻ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുക. അടിയന്തിര സാഹചര്യങ്ങളെ കുറിച്ചുള്ള വിവരം നൽകുക എന്നിവ വ്യോമിത്ര ചെയ്യേണ്ടുന്ന ജോലികളുടെ കൂട്ടത്തിൽ പെടും. ഇതുകൂടാതെ രണ്ടു ഭാഷകളും വ്യോമിത്രയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയും.

2020ലും 2021ലും ഇതിനോട് സമാനമായി മറ്റ് റോബോട്ടുകളെ ബഹിരാകാശത്തേക്ക് അയക്കാനും ഐ.എസ്.ആർ.ഒയ്ക്ക് പദ്ധതിയുണ്ട്. 'വ്യോമിത്ര' തങ്ങൾ ബഹിരാകാശത്തേക്ക് അയക്കാൻ ഉദ്ദേശിക്കുന്ന റോബോട്ടുകളുടെ അന്തിമ പതിപ്പല്ലെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ബംഗളുരുവിലെ കോൺറാഡ് ഹോട്ടലിൽ നടന്ന ഹ്യൂമൻ സ്പേസ്‌ഫ്ലൈറ്റ് ആൻഡ് എക്സ്‌പ്ലൊറേഷൻ സിംപോസിയത്തിലാണ് ശാസ്ത്രജ്ഞർ ഈ റോബോട്ടിനെ ആദ്യമായി പ്രദർശിപ്പിച്ചത്. സിംപോസിയത്തിൽ ഇന്ത്യയുടെ ബഹിരാകാശ യാത്രികർ കഴിക്കാനായി കൂടെകൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളും പ്രദർശിപ്പിച്ചിരുന്നു. ചിക്കൻ ബിരിയാണി, മൂംഗ് ദാൽ അലുവ, ചാപ്പാത്തി എന്നിവയും ഈ ഭക്ഷണങ്ങളും ഇവയുടെ കൂട്ടത്തിലുള്ളതെന്നത് കൗതുകകരമാണ്.