trump

വാഷിംഗ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിൽ ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ തുടക്കത്തിൽ തന്നെ പരാജയം. ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ പ്രമേയം സെനറ്റ് 47നെതിരെ 53 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

അതേസമയം തെളിവുകൾ മൂടിവയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു. പ്രമേയം തള്ളിയതോടെ ട്രംപിനെതിരായ കുറ്റവിചാരണയിൽ സെനറ്റിൽ പുതിയ തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ കഴിയില്ല. പുതിയ സാക്ഷികളെ വിളിച്ച് വരുത്തി വിചാരണയുമായി മുന്നോട്ട് പോകാനും ഡെമോക്രാറ്റുകൾക്ക് കഴിയില്ല. ട്രംപിന്റെ പ്രതിരോധ സെക്രട്ടറി, ചീഫ് ഒഫ് സ്റ്റാഫ് എന്നിവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യവും ഡെമോക്രാറ്റുകൾ മുന്നോട്ട് വച്ചിരുന്നു. സെനറ്റിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇംപീച്ച്മെന്റ് പ്രമേയം പാസാകില്ല. എന്നാൽ വീണ്ടും പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ട്രംപിനെതിരെ ഈ വിഷയം ആയുധമാക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.

ചൊവ്വാഴ്‍ച അമേരിക്കൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലാണ് വിചാരണ ആരംഭിച്ചത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും നടക്കുന്ന വിചാരണ ജനുവരി 31 വരെയെങ്കിലും നീണ്ടേക്കും. സ്‍പീക്കർ നാൻസി പെലോസി നിയോഗിച്ച ഇംപീച്ച്മെന്റ് മാനേജർമാരാണ് കുറ്റങ്ങൾ അവതരിപ്പിക്കുക. ട്രംപിന്റെ അഭിഭാഷകസംഘം ഇതിന് മറുപടി നൽകും.

മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെ കേസിൽ കുടുക്കാൻ ഉക്രെയിൻ പ്രസിഡന്റിന് മേൽ സ്വാധീനം ചെലുത്തിയെന്നതാണ് ട്രംപിനെതിരായ പ്രധാന കുറ്റം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം. വരുന്ന തിരഞ്ഞെടുപ്പിൽ ബൈഡൻ ട്രംപിന്റെ എതിരാളിയാകാനും സാദ്ധ്യതതയുണ്ട്. ഇതിനായാണ് ട്രംപ് ബൈഡനെ കേസിൽ കുടുക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.

എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടൽ ഡൊണാൾഡ് ട്രംപ്