ന്യൂഡൽഹി : എക്കണോമിസ്റ്റ് ഇന്റലിജന്റ്സ് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും റിപ്പോർട്ടിൽ ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക്. 41-ാം സ്ഥാനത്ത് നിന്ന് 51ലേക്കാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നില. എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് എക്കണോമിക് ഇന്റലിജന്റ്സ് യൂണിറ്റ്. തിരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, രാഷ്ട്രീയ സംസ്കാരം, പൗര സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണ് സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യ-ഓസ്ട്രേലിയ മേഖലയിൽ മലേഷ്യ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പിറകിൽ എട്ടാമതായാണ് ഇന്ത്യയുടെ സ്ഥാനം. 9.87 സ്കോറോടെ നോർവേയാണ് പട്ടികയിൽ മുന്നില്‍. 1.08 മാർക്ക് നേടിയ ഉത്തരകൊറിയ പട്ടികയില്‍ അവസാനമാണ്. 2.26 മാർക്ക് നേടിയ ചൈനയുടെ സ്ഥാനം 153.1.69 മാർക്ക് അധികം നേടി 6.32 മാർക്കോടെ 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ തായ്‍ലൻഡാണ് മികച്ച നേട്ടം കൈവരിച്ചത്. ഫ്രാൻസ്, ചിലി, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഫുൾ ഡെമോക്രസി റാങ്കിലെത്തി.
വ്യാജ വാർത്ത നിയമം നടപ്പാക്കിയ സിംഗപ്പൂരാണ് പൗര സ്വാതന്ത്ര്യത്തിൽ മുന്നിൽ. 165 രാജ്യങ്ങളിലേയും രണ്ട് പ്രവിശ്യകളിലേയും ഭരണ വ്യവസ്ഥകളേയും രാഷ്ട്രീയ സംവിധാനങ്ങളേയും കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 22 രാജ്യങ്ങളിലാണ് പൂർണ ജനാധിപത്യം നിലവിലുള്ളത്. ലോകത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർ ഏകാധിപത്യ ഭരണത്തിന് കീഴിലാണ്. മിക്ക ഏഷ്യൻ രാജ്യങ്ങളും റാങ്കിംഗിൽ പിന്നോട്ടുപോയി