
മുസ്ലിം മതവിഭാഗത്തിൽ പെട്ടയാളാണെന്ന ഒറ്റ കാരണം കൊണ്ട് മാത്രം താമസിക്കാൻ ഒരു വീട് കിട്ടാതെ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ യുവതി. താമസിക്കുവാനായി ഡൽഹിയിൽ ഒരു വീട് തേടിയിറങ്ങിയ മറിയ സലീമിനാണ് ഇത്തരത്തിലുള്ള ദുരവസ്ഥ നേരിടേണ്ടി വന്നത്. മതത്തിന്റെ പേരിലുള്ള ഈ വിവേചനം കാരണം നിരവധി മോശമായ അനുഭവങ്ങൾ നേരിടേണ്ടതായി വന്ന മറിയ നിലവിൽ താമസിക്കാൻ ഒരു വീടില്ലാത്ത അവസ്ഥയിലാണ്. താൻ മുസ്ലിമാണെന്ന് കേട്ടയുടനെ വീടുടമകൾ പിൻവലിയുന്നതായാണ് മറിയ പറയുന്നത്. 2012 മുതൽ ഡൽഹിയിൽ താമസിക്കുന്ന മറിയയ്ക്ക് നിരവധി തവണ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഒരു വീടുടമയുമായി വാട്സാപ്പിലൂടെ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകളും മറിയ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. താൻ അടിസ്ഥാനമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുകയല്ലെന്നും മുസ്ലീങ്ങൾക്ക് വാടകയ്ക്ക് വീടുകൾ ലഭിക്കാൻ വാസ്തവത്തിൽ വളരെ ബുദ്ധിമുട്ടാണെന്നും മറിയ തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്. വീട് ലഭിക്കാനായി ഇരട്ടി വാടക തരാമെന്ന് വാഗ്ദാനം ചെയ്തിട്ടും വീട്ടുടമകൾ വഴങ്ങിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. 'എനിക്കൊരു മുസ്ലിം എന്റെ വീട്ടിൽ താമസിക്കുന്നത് ഇഷ്ടമല്ല' എന്നുപോലും ഒരു വീട്ടുടമ തന്നോട് പറഞ്ഞതായി മറിയ പറയുന്നു.
FOR ALL THOSE WHO THINK I AM OVER STATING MY HOUSING DISCRIMINATION, PLEASE SEE. I HAVE OTHER MESSAGES AND RECORDINGS. I JUST DON'T KNOW WHAT THE HELL TO DO BUT CRY OUT ALOUD!!!
Aap kaagaz mat dikhaiye, mujhe to apna poora naam bataana hi padegana. pic.twitter.com/Ww8XBV6huC— Mariya Salim (@MariyaS87) January 20, 2020
ഇത്തരത്തിൽ താൻ വിവേചനം നേരിടുന്നതിന്റെ കാരണം, മറിയ, തന്റെ ബ്രോക്കറോട് ആരാഞ്ഞപ്പോൾ, 'അഫ്‌ഗാനിസ്ഥാനിൽ നിന്നുമെത്തുന്ന യുവതികൾ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരാണെ'ന്നും 'അവർക്ക് സെക്സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്നുമാണ് വീട്ടുടമകൾ കരുതുന്നതെ'ന്നും 'അതിനാലാണ് മുസ്ലീങ്ങൾക്ക് അവർ വീട് നിഷേധിക്കുന്ന'തെന്നുമായിരുന്നു അയാൾ നൽകിയ മറുപടി.
പൗരത്വ നിയമഭേദഗതിയും കാരണം ആളുകൾ രാജ്യം വിടേണ്ടുന്നതിനെ പറ്റി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ താൻ ഒരു വീടില്ലാതെ വിഷമിക്കുകയാണെന്നും മറിയ സലീം ചൂണ്ടിക്കാട്ടുന്നു. മറിയയെ കൂടാതെ മതത്തിന്റെ പേരിലും, സദാചാര പ്രശ്നങ്ങളുടെ പേരിലും നിരവധി യുവതികൾക്ക് വീട്ടുടമകൾ വീടുകൾ നിഷേധിച്ചിട്ടുണ്ട്.